ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പത്തു വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യയിൽ 6.3 ശതമാനത്തിന്റെ വർധന. 2021 ലെ സെൻസസ് പ്രകാരം, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ 59,597,300 ആയി ഉയർന്നു. നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച സെൻസസ് കണക്കുകൾ കൂടി ചേർക്കുമ്പോൾ യുകെയിലെ ആകെ ജനസംഖ്യ 66,966,400 ആണ്. 1801-ൽ സെൻസസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ONS) ചുമതലയിലാണ് ഓരോ 10 വർഷത്തിലും സെൻസസ് നടത്തപ്പെടുന്നത്.

2021 ലെ ജനസംഖ്യയുടെ ആറിലൊന്ന് (18.6%, 11.1 ദശലക്ഷം) ഇപ്പോൾ 65 വയസ്സിനു മുകളിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 0.9% – 527,900 ആളുകൾ ഇപ്പോൾ 90 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ഒരു കോടി പേർ 15 വയസ്സിന് താഴെയുള്ളവരാണ്. ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച ഇംഗ്ലണ്ടിന്റെ കിഴക്ക് ഭാഗത്താണ്. ഏറ്റവും കുറവ് ജനസംഖ്യാ വളർച്ച വെയിൽസിലും.

ഈസ്റ്റ്‌ ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്‌സാണ് ഏറ്റവും വലിയ ജനസംഖ്യ വർധനവുള്ള സ്ഥലം. 22.1 ശതമാനം ആണ് വർധന. ബെഡ്‌ഫോർഡ്, കേംബ്രിഡ്ജ്, പീറ്റർബറോ എന്നിവിടങ്ങളിൽ വലിയ വർധനവുണ്ടായപ്പോൾ സണ്ടർലാൻഡ്, ഗേറ്റ്‌സ്‌ഹെഡ്, സ്വാൻസീ, ലണ്ടൻ ബറോകളായ കെൻസിംഗ്ടൺ, ചെൽസി, കാംഡൻ, വെസ്റ്റ്മിൻസ്റ്റർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ജനസംഖ്യ കുറയുന്നതായും കണ്ടെത്തി. സെൻസസ് പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും 30,420,100 സ്ത്രീകളും (മൊത്തം ജനസംഖ്യയുടെ 51.0%) 29,177,200 പുരുഷന്മാരും (49.0%) ഉണ്ട്.