ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ തൊഴിലാളികൾക്ക് നൽകുന്ന അവധി ആനുകൂല്യങ്ങളിൽ പുതിയ മാറ്റങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലേബർ സർക്കാരിന്റെ പുതിയ തൊഴിൽ അവകാശ ബില്ലിൽ അകന്ന ബന്ധുക്കൾ മരിച്ചാലും ഒരു ആഴ്ചയുടെ അവധി ലഭിക്കുന്നതിനുള്ള നിർദേശമാണ് പരിഗണിക്കുന്നത്. അടുത്ത ബന്ധമായി കരുതപ്പെടുന്ന സുഹൃത്തുക്കളുടേതായ മരണവും ഈ നിയമത്തിന്റെ പരിധിയിൽ വരാനാണ് സാധ്യത. ഇപ്പോൾ 18 വയസിനു താഴെയുള്ള മക്കളുടെ മരണത്തിലാണ് നിർബന്ധിതമായ അവധി ലഭ്യമാകുന്നത്. യുകെ മലയാളികൾക്കും ഈ പുതിയ നിയമം തുണയാകും . നിയമം അന്തിമമായി പാസായാൽ, കേരളത്തിൽ താമസിക്കുന്ന ബന്ധുവിന്റെ മരണം സംഭവിച്ചാലും ഒരു ആഴ്‌ചയോളം അവധി ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അവധി ലഭിക്കുക എന്നത് ഒരു കീറാമുട്ടിയായിരുന്നു.

തൊഴിൽ അവകാശ ബില്ലിൽ യൂണിയനുകൾക്ക് കൂടുതൽ അധികാരം, സിക്ക് ലീവിനുള്ള അധിക അവകാശങ്ങൾ, മാതൃത്വ-പിതൃത്വ അവധിയിൽ മാറ്റങ്ങൾ എന്നിവയും ഉൾപ്പെടുന്നു. സർക്കാരിന്റെ വിലയിരുത്തൽ പ്രകാരം ഈ മാറ്റങ്ങൾ കമ്പനികൾക്കായി വർഷത്തിൽ ഏകദേശം £5 ബില്ല്യൺ അധികചെലവ് വരുത്തും. എങ്കിലും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സഹായവും നൽകാനുള്ള ചരിത്ര നേട്ടമായിട്ടാണ് ലേബർ സർക്കാർ ഈ നിയമ നിർമ്മാണത്തെ കാണുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കുന്നു.

അവധിയ്ക്കുള്ള ബന്ധുക്കളുടെ പരിധി വ്യാപിപ്പിക്കുന്നത് ചെറിയ ബിസിനസുകൾക്ക് വലിയ സാമ്പത്തിക ഭാരം വരുത്തുമെന്നാണ് വ്യവസായ രംഗത്തിന്റെ ആശങ്ക. ജീവനക്കാർക്ക് വ്യക്തിപരമായ ഏത് ബന്ധവും അവധിക്ക് കാരണം ആകുന്നതോടെ സ്ഥാപനങ്ങളുടെ ദിനചര്യയും പ്രവർത്തനക്രമവും താറുമാറാകുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തൽ. കൂടാതെ ജീവനക്കാരിൽ നിന്ന് തെളിവോ മുൻകൂട്ടി അറിയിപ്പോ ഇല്ലാതെ പലതവണ അവധി പോകാൻ സാധ്യത ഉണ്ടാകുമെന്നതിനാൽ, താൽക്കാലിക സ്റ്റാഫിനെ ഏർപ്പെടുത്തുന്നതിലും ഓവർടൈം ചെലവുകളിലും കമ്പനി നൽകേണ്ട ചെലവ് ഉയരുമെന്നാണ് മുന്നറിയിപ്പ്.











Leave a Reply