സമരത്തിന് പിന്തുണ നല്‍കിയ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ. വിജയ് ഈയിടെ ഒരു പൊതുചടങ്ങില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
നദീ സംയോജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയിപ്പോള്‍ വിജയിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.
‘വിജയിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് തോന്നി. കാരണം മറ്റൊരു സിനിമാ താരം പോലും ഞങ്ങള്‍ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിച്ചിട്ടില്ല. ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രക്ഷോഭം അവസാനിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ആദരിക്കും’ സംഘടനയുടെ പ്രസിഡന്റ് അയ്യക്കണ്ണ് ഒരു തമിഴ് മാധ്യമത്തോട് പറഞ്ഞു.
പൊതുവെ പ്രസംഗിക്കാന്‍ വിമുഖതയുള്ള വിജയ് ഏവരുടേയും മനസിൽ തട്ടുന്ന വാക്കുകളാണ് കർഷകരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ശാന്തമായാണ് വിജയ് സംസാരിച്ചതെങ്കിലും ശക്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
‘എന്റെ നന്‍മയ്ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ നമ്മുടെ എല്ലാവരുടെയും നന്‍മയ്ക്ക് ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. കര്‍ഷകര്‍. അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതാണ് ഒരു മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. അതില്‍ ഭക്ഷണം തരുന്നവരാണ് കര്‍ഷകര്‍ എന്ന സത്യം നാം മറക്കരുത്. വിശപ്പിന്റെ വില അറിയാത്തത് കൊണ്ടായിരിക്കാം ഞാനടക്കമുള്ളവര്‍ പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. പൈസ കിട്ടിയാല്‍ പോലും ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാല്‍ മാത്രമേ നാം അത് തിരിച്ചറിയൂ. ഇപ്പോള്‍ തന്നെ നാം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇനി നാം ഉറക്കം നടിച്ചാല്‍ അടുത്ത തലമുറയുടെ ദുരിതം വര്‍ദ്ധിക്കും. ഇന്ത്യ സൂപ്പര്‍ പവറാകണം, വികസനം വേണം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് കാര്‍ഷിക രംഗത്താണ്’
നിറകയ്യടിയോടെയാണ് സദസ് ഇളയദളപതിയുടെ വാക്കുകളെ വരവേറ്റത്.
Leave a Reply