തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് രാജേഷ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജീവനക്കാരി കൊല്ലപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സൂചനയുണ്ട്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ജോലിക്കിടെ അപകടം പറ്റിയെന്ന് കാണിക്കാന്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയേയും സുഹൃത്തുക്കളെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായിരുന്നു. എന്നാല്‍ യുവതിയുടെ ബാഗിലും നഴ്‌സറി ഓഫീസിലുമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണം തന്നെയാണോ കൊലപാതകത്തിനു പിന്നിലെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. ഈ അവസരം മുതലാക്കിയാണ് പട്ടാപ്പകല്‍ അരുംകൊല നടത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പ്രതി നഴ്‌സറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതും 20 മിനിറ്റിനു ശേഷം തിരികെ പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരു ഓട്ടോയിലും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യവും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതി സംസാരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ അറിയിച്ചിരുന്നു.