ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ കടകളില്‍ പെപ്സി, കൊക്ക കോള, ഉത്പന്നങ്ങള്‍ വില്‍ക്കില്ല. തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്ക കോള, പെപ്സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്.
സംഘടനില്‍ അംഗങ്ങളായ 15 ലക്ഷത്തോളം വ്യാപാരികളോട് മാര്‍ച്ച് ഒന്ന് മുതല്‍ കോള, പെപ്സി ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പെപ്സിയിലും കോളയിലും വിഷാംശമുണ്ടെന്ന് കണ്ടെത്തിയതും, ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്നതിനാലുമാണ് ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ സംഘടന തീരുമാനിച്ചത്.
തങ്ങളുടെ നിര്‍ദേശം ലംഘിച്ച് പെപ്സി,കോള ഉല്‍പ്പന്നങ്ങളുടെ വില്‍പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.