തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിച്ച തമിഴ് റോക്കേഴ്സ് പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു(24), ഡി വി ഡി റോക്കേഴ്സ് ഉമടകളായ തിരുനെല്‍വേലി സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ്. ടി എന്‍ റോക്കേഴ്സ് ,ഡി വി ഡി റോക്കേഴ്സ് തുടങ്ങിയ സൈറ്റുകളില്‍ വരുന്ന പരസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാന്‍ കഴിഞ്ഞത്. വിവിധ സിനിമകള്‍ പകര്‍ത്തി ടോറന്റ് സൈറ്റ് ആയ തമിള്‍ റോക്കേഴ്‌സ്.ഇന്‍, തമിള്‍റോക്കേഴ്‌സ്.എസി, തമിള്‍റോക്കേഴ്‌സ്,എംഇ തുടങ്ങി പത്തൊമ്പത് ഡൊമൈനുകളില്‍ സിനിമകള്‍ അപ്ലോഡ് ചെയ്ത് ലക്ഷങ്ങളുടെ വരുമാനം സമ്പാദിച്ചു വരുകയായിരുന്നു.
പുതിയ മലയാള സിനിമകള്‍ ഉള്‍പ്പെടെ ഹിറ്റ് സിനിമകള്‍ വ്യാജമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും ജനങ്ങള്‍ സന്ദര്‍ശിക്കുന്നത് അനുസരിച്ച് വിവിധ അഡ്വെര്‍ടൈസിങ് ഏജന്‍സി മുഖേന ഇവരുടെ അക്കൗണ്ടിലേയ്ക്ക തുക ലഭിക്കുകയും ചെയ്യും. ഉദ്ദേശം ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷംരൂപ വരെയാണ് മാസവരുമാനം.ഒരു ഡോമൈന്‍ ഏതെങ്കിലും രീതിയില്‍ ബ്ലോക്ക് ആയാല്‍ ഉടന്‍ തന്നെ മറ്റൊരു ഡോമൈനില്‍ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി നിരവധി ഡോമൈനുകള്‍ ശേഖരിച്ചാണ് കുറ്റകൃത്യം നടത്തുന്നത്. തമിഴ് റോക്കേഴ്സ് ഉടമയായ കാര്‍ത്തിയുടേയും മറ്റും അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു കോടിയിലധികം രൂപയുടെ വരുമാനം സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഡിവിഡി റോക്കേഴ്സ് ഉടമ 2015-16 കാലഘട്ടത്തില്‍ അരക്കോടി രൂപയും ടി എന്‍ റോക്കേഴ്സ് ഉടമ 2016-17 കാലഘട്ടത്തില്‍ 75 ലക്ഷം രൂപയും സിനിമാപൈറസി മുഖേന സമ്പാദിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് അക്കൗണ്ടുകള്‍ സാമ്പത്തിക ശ്രോതസ്സുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.
പൈറസി നടത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടറില്‍ ശരിയായ ഐപി മറച്ചുവെച്ച് വ്യാജ ഐപി ഉപയോഗിച്ചാണ് പൈറസി നടത്തിയിരുന്നത്. അതിനാല്‍ ഇവ പരിശോധിക്കുമ്പോള്‍ വിദേശങ്ങളിലാണ് ഇവരുടെ വിലാസങ്ങള്‍ കാണിച്ചിരുന്നത്. തമിഴ്നാട് വില്ലുപുരം കേന്ദ്രമാക്കി കാര്‍ത്തിയുടെ വീടാണ് തമിഴ്റോക്കേഴ്സിന്റെ പ്രവര്‍ത്തനകേന്ദ്രം. ഇത് കൂടാതെ വലിയ പൈറസി മാഫിയതന്നെ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയുമാണ്.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. രാഗേഷ് കുമാര്‍.വി, ഡിക്റ്റടീവ് ഇന്‍സ്പെക്ടര്‍ പി എസ് രാകേഷ്, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ രൂപേഷ് കുമാര്‍.ജെ.ആര്‍, സുരേന്ദ്രന്‍ ആചാരി, ജയരാജ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സനല്‍കുമാര്‍, സുനില്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാത്തിം, സജി, സന്ദീപ്, സ്റ്റെര്‍ലിന്‍ രാജ് , ബെന്നി, അജയന്‍, അദീന്‍അശോക്, സുബീഷ്, ആദര്‍ശ്, സ്റ്റാന്‍ലി ജോണ്‍, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave a Reply