ന്യൂസ് ഡെസ്ക്

കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.

ഇടുക്കിയടക്കുള്ള നിരവധി ഡാമുകൾ നിറഞ്ഞപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രളയം മൂലം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. 49 ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടു. വീടുകളും വസ്തുവകകളും കൃഷിയും വൻതോതിൽ നശിച്ചു. 215 സ്ഥലങ്ങളിൽ ഉരുൾ പൊട്ടി. പലയിടങ്ങളിലും അടിയന്തിരമായി സൈന്യമിറങ്ങി. സംസ്ഥാനത്തെ 34 ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കര കവിഞ്ഞ് ഒഴുകുകയാണ്. 8316 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ചെറുതോണി ഡാമിന്റെ ആറു ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തി. ഷട്ടറുകൾ തുറന്നു ജലനിരപ്പ് നിയന്ത്രിച്ചെങ്കിലും കനത്ത മഴ തുടർന്നത് കണക്ക് കൂട്ടലുകൾ തെറ്റിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയും കടന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. മുല്ലപ്പെരിയാർ തുറന്നാൽ അവിടുന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി ഡാമിൽ എത്തിച്ചേരും. നിലവിൽ ആറു ഷട്ടറുകൾ ചെറുതോണി ഡാമിൽ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ നേരത്തെ തന്നെ തുറന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.

ബുധനാഴ്ച രാവിലെ 2.35ന് മുല്ലപ്പെരിയാറിന്റെ സ്പിൽവേ തമിഴ്നാട് തുറന്നു. 13 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയ തമിഴ്നാട് പ്രളയജലം കേരളത്തിലേക്ക് തുറന്നു വിട്ടു. അല്പസമയത്തിനു ശേഷം ഷട്ടറുകൾ വീണ്ടും താഴ്ത്തി ജലനിരപ്പ് 142 അടിയാക്കി തമിഴ്നാട് ഡാമിന്റെ ബലം പരീക്ഷിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.