തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.
തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്
സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.
നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.
എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം
തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.
ആഭ്യന്തരം കൂടി കൈയിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.
സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.
Leave a Reply