ന്യൂസിലന്‍ഡില്‍ പ്രാണവായു വില്‍പനയ്ക്ക് എത്തി. നാല് കുപ്പിക്ക് വില 100 ഡോളര്‍, ഏതാണ്ട് 7,350 രൂപ. ഓക്ക് ലാൻഡ് രാജ്യാന്തര വിമാനത്താവളത്തില്‍ അടക്കമുളള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ശ്വസിക്കാനുളള മാസ്‌കുകളോടെയുളള കുപ്പികളിലാണ് ശുദ്ധവായു വില്‍ക്കപ്പെടുന്നത്. കിവിയാന എന്ന കമ്പനിയാണ് വായു കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്നത്.

കുപ്പികളിലുള്ള ശുദ്ധവായുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 ഡോളര്‍ ഓഫറോടെയുളള ടിന്നുകളിലാക്കിയ ശുദ്ധവായുവിന്റെ ചിത്രം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകനായ ഡാമിയന്‍ ക്രിസ്റ്റി ട്വിറ്ററിലൂടെ പങ്ക് വെച്ചു.

അഞ്ച് ലിറ്ററിന്റെ ടിന്നുകള്‍ 34.50 ഡോളര്‍ വിലയ്ക്കും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ലോകമെമ്പാടും ശുദ്ധവായു വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ന്യൂസിലന്‍ഡിന്റെ പുരാതനമായ ദക്ഷിണ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു നേരിട്ട് ഈ ബോട്ടിലിലാണ് ശേഖരിച്ചതെന്ന്’ കുപ്പിയുടെ പുറത്ത് കുറിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡിന്റെ ദക്ഷിണ ദ്വീപുകളില്‍ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നാണ് തങ്ങള്‍ ശുദ്ധവായു ശേഖരിക്കുന്നതെന്ന് കിവിയാന കമ്പനിയുടെ വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ നാഗരികത തൊട്ടുതീണ്ടാത്തവയാണെന്നും മനുഷ്യവാസം നൂറ് കണക്കിന് കി.മീറ്റര്‍ അകലെയാണെന്നും കമ്പനി അവകാശപ്പെടുന്നു.