ന്യൂസ് ഡെസ്ക് മലയാളം യുകെ

പൗലോസ് കുയിലാടൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ലഘുചിത്രം ‘തന്ത’ യുകെയിൽ റിലീസ് ചെയ്തു. ജൂലൈ 27 ന് ലീഡ്സിലെ സെൻ്റ്. വിൽഫ്രിഡ്സ് ചർച്ച് ഹാളിൽ സീറോ മലബാർ സഭ ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം , ഫാ. ആഡ്രൂസ് ചെതലൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ റിലീസ് കർമ്മം ഔദ്യോഗികമായി നിർവ്വഹിച്ചു. ഫാ. ജോസഫ് വാളുപറമ്പിൽ, നടനും സംവിധായകനുമായ ജേക്കബ് കുയിലാടൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
പ്രശസ്ത സിനിമാ സംവിധായകൻ ജോസ് തോമസിൻ്റെ യൂ ടൂബ് ചാനലായ ജോസ് തോമസ് എൻ്റെടൈൻമെൻ്റ്ലൂടെയാണ് ഈ ലഘുചിത്രം റിലീസ് ചെയ്തത്. പൂർണ്ണമായും സംവിധായകൻ ജോസ് തോമസ്സിൻ്റെ മേൽനോട്ടത്തിലാണ് ഈ ലഘുചിത്രം അണിഞ്ഞൊരുങ്ങിയത്.

സ്വപ്ന ജീവികളായവരെ ഹാസ്യാത്മകമായി ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗലോസ് കുയിലാടനാണ്. 46 വർഷം നാടകരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള പൗലോസ് കുയിലാടൻ കേരളത്തിലും അമേരിക്കയിലും നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പൗലോസ് കുയിലാടൻ അമേരിക്കൻ മലയാളികളുടെ ഫോമ മുതലായ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചന അപ്പുക്കുട്ടൻ, പാർവ്വതി, അവിനാശ്, ജോഹാൻ ജോസ് തോമസ്സ് എന്നിവർ പ്രധാന വേഷമിടുന്നു. ഹെൽത്ത് ആൻ്റ് ആട്സ് യു എസ് എ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രം സംവിധായകൻ ജോസ് തോമസാണ് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്നത്. എബി വർഗ്ഗീസ് തിരക്കഥയും ആദർശ് ഛായാഗ്രഹണവും നിർവ്വഹിച്ചു. പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ, എഡിറ്റർ: ജിബിൻ ജെയിംസ്, കോസ്റ്റ്യൂം ഡിസൈനർ : സിന്ധു, കലാസംവിധാനം : മാത്യൂസ്, മേക്കപ്പ് : ധർമ്മൻ, സൗണ്ട് ഡിസൈൻ: ബാലു, മെട്രോ ഡി.ഐ: മഡ് ഹൗസ്, ഡിസൈൻ: മീഡിയാ വോ ഫാക്ടർ , വാർത്താ പ്രചരണം: റഹിം പറവൂർ എന്നിവരും നിർവ്വഹിച്ചു. കോട്ടയം, കുറവിലങ്ങാട്ടായിരുന്നു ചിത്രീകരണം നടന്നത്.

അത്യധികം ആവേശകരമായ പ്രതികരണമാണ് തന്ത എന്ന ലഘുചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 27 ന് ലീഡ്സിൽ വെച്ചു നടന്ന ചിത്രത്തിൻ്റെ റിലീസ് കർമ്മങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഹരീഷ് ദാസ്, ബെന്നി വേങ്ങച്ചേരിൽ, ജേക്കബ് കുയിലാടൻ എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/heEjfWYVs0Y?si=835DvmolkDxw5laJ