മലപ്പുറം താനൂരിലെ ഓമച്ചപ്പുഴയിൽനിന്ന് ആറ് വർഷം മുമ്പ് അമ്മയെയും മക്കളായ ഇരട്ട കുട്ടികളെയും കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിൽ. രണ്ട് വർഷമായി മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.
2014 ഏപ്രിൽ 27നാണ് ഓമച്ചപ്പുഴ തറമ്മൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീൻ(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടിൽനിന്നും പെരിന്തൽമണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പരേതനായ തറമ്മൽ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീൻ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ സൈനുദ്ദീന്റെ കുടുംബത്തിൽനിന്നും എതിർപ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനെല്ലാം ഒടുവിലാണ് 2014 ഏപ്രിലിൽ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
ഖദീജയെ കാണാതായ സംഭവത്തിൽ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർഷങ്ങളോളം ലോക്കൽ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. ഇതോടെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത.
ഈ കേസിൽ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരുടെ നുണപരിശോധന നടത്താനായി ക്രൈംബ്രാഞ്ച് സംഘം കോടതിയിൽനിന്ന് അനുമതി തേടി. എന്നാൽ കഴിഞ്ഞദിവസം ഇവർ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതോടെ മറ്റുവഴികൾ തേടാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവർക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടുകയായിരുന്നു. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. പിന്നാലെ സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോൺകോളുകൾ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭർത്താവിന്റെ ബന്ധു കൂടിയായ ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവർ പരപ്പനങ്ങാടി കോടതിയെ അറിയിച്ചത്.
അതേസമയം, ബന്ധു നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്.
Leave a Reply