ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിലെ പ്രശ്നങ്ങൾ വഷളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 8 മുതൽ ഏകപക്ഷീയമായ പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് യൂണൈറ്റഡ് യൂണിയൻ പ്രഖ്യാപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ സ്റ്റീൽ പ്രഖ്യാപിച്ചു . ഇത് വരും ദിവസങ്ങളിൽ കമ്പനിയും യൂണിയനുമായുള്ള സംഘർഷം വർദ്ധിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്.
മുംബൈ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനി ജൂൺ അവസാനത്തോടെ ഒരു സ്ഫോടന ചൂളയും സെപ്തംബർ മാസത്തോടെ രണ്ടാമത്തേതും അടച്ചുപൂട്ടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കമ്പനികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി യൂണിയൻ ഉയർത്തുന്നത് . 1500 തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.
പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് യുണൈറ്റഡ് യൂണിയൻ.
വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്. ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply