സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴയിൽ കടലക്രമണത്തിൽ പതിനൊന്നു വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ മുപ്പതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഉച്ചയ്ക്കുശേഷം തുറന്നേക്കും. വേലിയേറ്റ സാധ്യതകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി .
തുടർച്ചയായ നാലാം നാളും ആലപ്പുഴയുടെ തീരങ്ങൾ പ്രക്ഷുബ്ധമാണ്. ഒറ്റമശ്ശേരി, ചേന്നവേലി ചെത്തി, ചെട്ടിക്കാട്, വാടയ്ക്കൽ, വിയാനി തുടങ്ങി പലയിടങ്ങളിൽ നിന്നും തീരവാസികളെ മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവുമുണ്ട്. മഴയ്ക്കും കോവിഡിനും ശമനമില്ലാത്തതാണ് പ്രതിസന്ധി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ടിന് 68 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ യും തുറക്കണമെന്ന ആവശ്യം ശക്തമാണ്. വേലിയേറ്റ സാധ്യത പരിശോധിച്ചാവും നടപടിയെന്ന് കലക്ടർ പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
Leave a Reply