അനീഷ്

യു കെയില്‍ നിന്നും നഴ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടന്‍ സമൂഹം മുന്‍പോട്ട്. യുകെയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശമായ ടോണ്ടനില്‍ വസിക്കുന്ന മലയാളികളാണ് നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യുകെയില്‍ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ടോണ്ടന്‍ മലയാളി സമൂഹത്തിന് രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ മതത്തിന്റെ വേലിക്കെട്ടിന്റെയോ കഥകളൊന്നും ഇവിടെ പറയാനില്ല. പക്ഷെ അന്ധത അഭിനയിക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ ചൂഷണത്തിന് നേരെ കണ്ണടക്കുവാനും നിലനില്‍പിനുവേണ്ടി മിനിമം വേതനത്തിനായ് ഒരുപറ്റം കാവല്‍മാലാഖാമാര്‍ അവരുടെ വര്‍ഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല എന്നതാണ് പറയാനുള്ളത്. അതുതന്നെയാണ് ടോണ്ടന്‍ സമൂഹത്തെ യുകെയില്‍ വേറിട്ട് നിര്‍ത്തുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തില്‍ ആതുരസേവനത്തിന്റെ കാവല്‍ഭടന്മാരായ UNA ( United Nurses Association ) നഴ്‌സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്റെ സമരം കത്തിപ്പടരുമ്പോള്‍, നഴ്‌സുമാര്‍ക്കു വലിയ അംഗീകാരവും ശമ്പളവും ലഭിക്കുന്ന യുകെയില്‍ ഇത്തരം ആശയപ്പോരാട്ടങ്ങളുടെ പ്രസക്തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകള്‍ താണ്ടി ഒരുപാടു മുന്നോട്ടു പോയെങ്കിലും വന്നവഴി മറക്കുവാനോ, തന്റെ സഹജീവികള്‍ പിറന്ന മണ്ണില്‍ നേരിടുന്ന അവഗണന ഇപ്പോള്‍ നമ്മുടെ പ്രശ്‌നമല്ല എന്നുകരുതി സ്വാര്‍ത്ഥതയോടെ മുന്നോട്ടു പോകുവാന്‍ ടോണ്ടന്‍ മലയാളി സമൂഹത്തിനു കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ ഉയര്‍ത്തുന്ന ആശയത്തിന്റെ ഇന്നത്തെ പ്രസക്തി.

കേരളത്തിലെ അധികാര വടംവലികളും, മതവും, സാമൂഹിക സംവിധാനവുമെല്ലാം നമുക്ക് മാറ്റിവെക്കാം. നഴ്‌സിംഗ് സമൂഹത്തിന്റെ കലാകാലങ്ങളായിട്ടുള്ള അവരുടെ രോദനം കേള്‍ക്കാനോ, അവരുടെ കണ്ണീരൊപ്പാനോ ശ്രമിക്കാതെ, അവര്‍ക്കുനേരെ മുഖം തിരിച്ചുകൊണ്ടുള്ള ഈ പ്രവണത ഇനി നീതികരിക്കാവുന്നതല്ല. ഈ സമരപോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള കരുത്തു ഇക്കാലമത്രയും അധികാര രാഷ്ട്രീയ സംവിധാനത്തിനുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ നവസമൂഹമാധ്യമങ്ങളുടെ ഇക്കാലത്തു കാര്യങ്ങള്‍ മാറിമറയുകയാണ്. നീതിക്കുവേണ്ടി, നിലനില്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മാനവികതയുടെ ഈ കാറ്റിനെ ഒരു കൊടുങ്കാറ്റാക്കി മാറ്റുവാന്‍ സാധിക്കും എന്നാരും വിസ്മരിച്ചുകൂടാ. ടോണ്ടന്‍ സമൂഹം യുകെയില്‍ അതിനുള്ള ചെറിയ തുടക്കം മാത്രം. വേണ്ടി വന്നാല്‍ നാട്ടില്‍ പോയി സമരത്തില്‍ ഒരു കൈത്താങ്ങു നല്‍കാനും തയ്യാറെടുപ്പിനൊരുങ്ങുകയാണ് ടോണ്ടന്‍ മലയാളികള്‍