ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉപ്പും പഞ്ചസാരയും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തി അമിത വണ്ണത്തെ നേരിടാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യത്തെ മുൻനിർത്തി ഒട്ടേറെ സംഘടനകൾ മന്ത്രിമാർക്ക് നിവേദനം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം ഭക്ഷണങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ നിർമ്മാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ പരിഷ്കരിക്കാൻ നിർബന്ധിതരാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിശ്വസിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ അനാരോഗ്യകരമായി ബാധിക്കുന്ന ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി 35 ഗ്രൂപ്പുകളാണ് ചാൻസലർ റേച്ചൽ റീവ്സിനും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനും കത്തുകൾ അയച്ചിരിക്കുന്നത്. യുകെയിലെ ഡോക്ടർമാർ, ദന്തഡോക്ടർമാർ, പബ്ലിക് ഹെൽത്ത് ഡയറക്ടർമാർ, ഡയബറ്റിസ് യുകെ, വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ചാരിറ്റികൾ എന്നിവരടങ്ങിയ സംഘടനകളാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.

കേക്ക്, മധുരപലഹാരങ്ങൾ, ബിസ്‌ക്കറ്റുകൾ, ക്രിസ്‌പ്‌സ്, രുചികരമായ ലഘുഭക്ഷണങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്നത് ട്രഷറിയിലേക്ക് കോടിക്കണക്കിന് പൗണ്ട് ഉണ്ടാക്കുമെന്നും മോശം ഭക്ഷണക്രമം മൂലം രോഗികളാകുന്നവരുടെ എണ്ണം കുറയ്ക്കുമെന്നുമാണ് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ വാദിക്കുന്നത്. 2018-ൽ പ്രാബല്യത്തിൽ വന്ന ഷുഗർ നികുതി, മിൽക്ക് ഷേക്കുകൾ, ഉയർന്ന പഞ്ചസാര അടങ്ങിയ കോഫികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മധുരമുള്ള ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കണമോ എന്ന് ട്രഷറി പരിശോധിക്കുന്നതായി കഴിഞ്ഞ ആഴ്ച ബജറ്റിൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു . ഭക്ഷ്യ വ്യവസായം കുട്ടികളുടെ ആരോഗ്യത്തിന് വരുത്തുന്ന നാശനഷ്ടങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ ക്ഷേമത്തിനും ഭാവി ഉത്പാദനക്ഷമതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണന്നും ഇത് അടിയന്തിരമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും കത്തിൽ ഒപ്പിട്ട ഫുഡ് ഫൗണ്ടേഷൻ്റെ എക്സിക്യൂട്ടീവ് അന്ന ടെയ്‌ലർ പറഞ്ഞു. സർക്കാർ തലത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഗ്രൂപ്പുകൾ ആവശ്യപെടുന്നത് .