ന്യൂസ് ഡെസ്ക് മലയാളം യുകെ

20 വർഷത്തോളം യുകെയിൽ അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കി തന്റെ സ്വന്തം നാട്ടിൽ ആരംഭിച്ച സംരംഭത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിന്റെ പേരിൽ യുകെ മലയാളി ഷാജിമോൻ ജോർജ് നടത്തിയ സമരം കേരളത്തിൽ ചർച്ചയായി . കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് കൊട്ടിഘോഷിച്ച് നടത്തിയ കേരളീയം പരിപാടി നടക്കുമ്പോഴാണ് ഷാജിമോന്റെ സമരം അരങ്ങേറിയത് എന്നത് ഉദ്യോഗ ഭരണനേതൃത്വങ്ങൾക്ക് വൻ തിരിച്ചടിയായി. സ്ഥലം എംഎൽഎ ആയ മോൻസ് ജോസഫ് ഉൾപ്പെടെ ഇടപെട്ട് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഷാജിമോൻ ജോർജ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മോൻസ് ജോസഫ് എംഎൽഎ ഇടപെട്ട് നടത്തിയ ചർച്ചകളിൽ കെട്ടിടത്തോട് ബന്ധപ്പെട്ട മൂന്ന് രേഖകൾ കൂടി നൽകിയാൽ കെട്ടിട നമ്പർ അനുവദിക്കാമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുകയായിരുന്നു. തീരുമാനത്തിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ വീണ്ടും ഇടപെടുമെന്ന് എംഎൽഎ പറഞ്ഞു . പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് നാടിനോടുള്ള സ്നേഹം കാരണം കേരളത്തിലെത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രത ഉണ്ടാവണമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജിമോൻ ജോർജിന്റെ സമരം വൻ നാടകീയ മുഹൂർത്തങ്ങൾക്കാണ് കാരണമായത്. മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന്റെ മുൻപിലെ സമരം പോലീസ് ഇടപെടലിനെ തുടർന്ന് റോഡിലേക്ക് മാറ്റുകയായിരുന്നു. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് നാഴികയ്ക്ക് നാൽപതുവട്ടം കൊട്ടിഘോഷിക്കുന്ന കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് യുകെ മലയാളിയായ ഷാജിമോൻ ജോർജിന്റെ കാര്യത്തിലുണ്ടായത്. അന്യനാട്ടിൽ കഷ്ടപ്പെട്ട പണമാണ് ഓരോ പ്രവാസിയും കേരളത്തിലേക്ക് അയക്കുകയും ഇവിടെ നിക്ഷേപിക്കുകയും ചെയ്യുന്നത് എന്ന് പ്രശ്നത്തിൽ ഇടപെട്ട മോൻസ് ജോസഫ് എംഎൽഎ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള വിഷയത്തിൽ തൻറെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളം യുകെ അവാർഡ് നൈറ്റിന്റെ ലോഗോ പ്രകാശനം സെപ്റ്റംബർ 28-ാം തിയതി കോട്ടയത്ത് വച്ച് നടത്തിയത് മോൻസ് ജോസഫ് എംഎൽഎ ആയിരുന്നു. യുകെ മലയാളികളുടെ പ്രശ്നങ്ങൾ പൊതു സമക്ഷം കൊണ്ടുവരുവാൻ മലയാളം യുകെ ന്യൂസ് വഹിക്കുന്ന പങ്കിനെ കുറിച്ച് ലോഗോ പ്രകാശന വേളയിൽ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.