യുകെയിലെ ടാക്സി ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കൊണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ആല്‍ഫ ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചു. കവര്‍ മൈ ക്യാബ്, വണ്‍ ഇന്‍ഷുറന്‍സ് സൊല്യൂഷന്‍, ജെ & എം ഇന്‍ഷുറന്‍സ് സൊല്യൂഷന്‍സ് തുടങ്ങി പല പേരുകളിലായി ടാക്സി ഇന്‍ഷുറന്‍സ് രംഗത്ത് പ്രശസ്തമായ കമ്പനിയില്‍ നിരവധി ടാക്സി ഡ്രൈവര്‍മാര്‍ ആണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവിടെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാര്‍ക്ക് ടാക്സി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരികുന്നത്. എഴുനൂറിലധികം ടാക്സി ഡ്രൈവര്‍മാരും പതിനായിരത്തിലധികം മിനി ക്യാബ് ഡ്രൈവര്‍മാരും ലണ്ടന്‍ നഗരത്തില്‍ തന്നെ വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായി എന്ന് ടാക്സി ഡ്രൈവര്‍സ് അസോസിയേഷന്‍ പറയുന്നു.
ലണ്ടനില്‍ മാത്രമല്ല മറ്റ് നഗരങ്ങളിലും സ്ഥിതി ഇത് പോലെ തന്നെയാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന രംഗം എന്ന നിലയില്‍ യുകെ മലയാളി സമൂഹത്തെയും ഈ പ്രശ്നം ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്ന അങ്കലാപ്പിലാണ് പലരും. ടാക്സി ഇന്‍ഷുറന്‍സ് എടുക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തിയിലാണ് ഇവര്‍. ഏകദേശം 3000 പൗണ്ടിലധികം ആണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുകയായി ടാക്സി ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. ഈ തുകയും ഇന്‍ഷുറന്‍സും ഒരുമിച്ച് നഷ്‌ടമായ അവസ്ഥയിലാണ് പലരും.
ഡെന്മാര്‍ക്ക് ആസ്ഥാനമായ ആല്‍ഫ ഇന്‍ഷുറന്‍സ് യൂറോപ്യന്‍ യൂണിയനില്‍ മൊത്തം പ്രവര്‍ത്തനത്തിന് ലൈസന്‍സ് ഉണ്ടായിരുന്ന കമ്പനിയാണ്. മെയ് നാലിന് കമ്പനി ലിക്വിഡേഷനില്‍ ആയിരുന്നു. ഇന്നലെയാണ് ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചത്.
Leave a Reply