തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.

സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.

 

ദൃശ്യങ്ങൾ കടപ്പാട് : വെട്ടം