റാഞ്ചിഃ പതിനൊന്നുകാരിയായ മകളെ പ്രേമിച്ചെന്ന പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്ന സംഭവത്തില്‍ ഹിന്ദി അധ്യാപിക പിടിയില്‍. ജാര്‍ഖണ്ഡിലെ സഫയര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ നെസ്മ ഖാട്ടൂണ്‍ എന്ന അധ്യാപികയാണ് ഈ കടുംകൈ ചെയ്തത്. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു പുറത്ത് വിദ്യാര്‍ഥിയായ വിനയ് മഹാത്തോയെ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
നെസ്മ ഖാട്ടൂണെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും അറസ്റ്റ് ചെയ്തതായി റാഞ്ചി എസ്എസ്പി കുല്‍ദീപ് ദ്വിവേദി പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയ തെളിവുകള്‍ വച്ചാണ് ഇവരെ പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.09ന് വിനയ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്കു പോകുന്നത് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. 1.30ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ പ്രധാന വാതിലില്‍ കുട്ടിയെ പാതി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആദ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനശ്രമമെന്ന സംശയത്തില്‍ പുരുഷ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതു തെളിയിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. മാത്രമല്ല, വിനയ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങളില്‍ പരിഭ്രമമോ മറ്റൊന്നും കണ്ടില്ല. സന്തോഷിച്ച് ഉല്ലസിച്ചാണ് ഇറങ്ങിവരുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രണയം കണ്ടെത്തിയത്.
വിനയ് വരുന്നതു കാത്ത് നെസ്മ ഖാട്ടൂണ്‍ അര്‍ധരാത്രിയില്‍ ഇരിക്കുകയായിരുന്നെന്നും കുട്ടിയെ ക്രൂരമായി മര്‍ദിച്ച് ഒന്നാം നിലയിലെ അധ്യാപക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.