ഹൂസ്റ്റണ്‍: ബുദ്ധിമാന്ദ്യമുള്ള ആറ് വയസുകാരന്‍ തീവ്രവാദിയാണെന്ന് അധ്യാപകന്റെ റിപ്പോര്‍ട്ട്. ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് പട്ടണത്തിലാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുഹമ്മദ് സുലൈമാന്‍ എന്ന ആറ് വയസുകാരന്‍ ക്ലാസില്‍ ‘അള്ളാ’ എന്നും ‘ബൂം’ എന്നും ആവര്‍ത്തിക്കുന്നതായാണ് അധ്യാപകന്‍ പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കുടുംബത്തിനെതിരെ പോലീസ് അന്വേഷണം നടത്തി. ഒരു വയസുള്ള കുട്ടിയുടെ മാനസിക വളര്‍ച്ച മാത്രമുള്ള കുട്ടി സംസാരിക്കുക പോലുമില്ലെന്നും ഇപ്രകാരം കുട്ടി പറയാന്‍ സാധ്യതയില്ലെന്നും കുടുംബാംഗങ്ങള്‍ വിശദീകരിച്ചു.

പോലീസിന്റെയും സോഷ്യല്‍ സര്‍വീസിന്റെയും അന്വേഷണങ്ങള്‍ മൂലം ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ആഴ്ചകള്‍ തങ്ങള്‍ ശരിക്കും ബുദ്ധിമുട്ടിയെന്ന് ഫോക്‌സ്26 ന്യൂസ് ചാനലിനോട് പിതാവായ മെഹര്‍ സുലൈമാന്‍ പറഞ്ഞു. മുഹമ്മദ് ഡൗണ്‍ സിന്‍ഡ്രോമുമായാണ് ജനിച്ചതെന്നും അവന് എല്ലാ സമയത്തും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മെഹര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവന്‍ തീവ്രവാദിയാണെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നത് മാത്രമല്ല, പ്രത്യക്ഷത്തിലുള്ള വിവേചനം കൂടിയാണ്. നൂറ് ശതമാനവും ഇത് വിവേചനമാണെന്ന് മെഹര്‍ ആരോപിക്കുന്നു. സിജെ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. അവിടുത്തെ അധ്യാപകനാണ് കുട്ടിക്കെതിരെ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.