ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഒട്ടേറെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാകും. ആഴ്ചയിൽ കൂടുതലായി രണ്ട് ഫ്രീ പീരിയഡുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അധ്യാപക വൃത്തിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഉപകരിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അധ്യാപകരിൽ പലരും തങ്ങളുടെ അസൈൻമെന്റുകളും ആൻസർ ഷീറ്റുകളും നോക്കുന്നതിന് വീട്ടിലെ സ്വകാര്യ സമയം ഉപയോഗിച്ചാണെന്ന പരാതി നേരത്തെ ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആനുകൂല്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്.
ഇംഗ്ലണ്ടിൽ 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അധ്യാപക ജോലി കൂടുതൽ ആകർഷകമാണെങ്കിൽ മാത്രമെ നല്ല ഉദ്യോഗാർത്ഥികളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ അധ്യാപകർക്കും ഫ്ലെക്സിബിലിറ്റി അവകാശം വേണമെന്ന് വിദ്യാഭ്യാസ ചാരിറ്റിയുടെ ടീച്ച് ഫസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്കൂളിൽനിന്ന് ശമ്പളമില്ലാതെ അവധിയെടുത്ത് മറ്റ് മേഖലകളിൽ ജോലി ചെയ്യാനുള്ള അവകാശം വേണമെന്ന ആവശ്യവും ശക്തമാണ്.
ഡിപ്പാർട്ട്മെൻറ് ഫോർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ജോലിയിൽ പ്രവേശിച്ചതിന്റെ അത്രയും അധ്യാപകരും ജോലി ഉപേക്ഷിച്ചു . 2023 നവംബർ വരെയുള്ള കാലയളവിൽ 44,002 അധ്യാപകർ ആണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം 43,522 അധ്യാപകർ ജോലി ഉപേക്ഷിച്ചു. അധ്യാപക ജോലിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ടീച്ച് ഫസ്റ്റ് പറയുന്നത്.
Leave a Reply