ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- പാരിസ് ഒളിമ്പിക്സിന്റെ അഞ്ചാം ദിവസം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടങ്ങളുടെ ദിവസമായിരുന്നു. 15 മിനിറ്റുകൾക്കുള്ളിൽ 2 സ്വർണ്ണ മെഡലുകൾ നേടിയ ബ്രിട്ടീഷ് താരങ്ങൾ രാജ്യത്തിന്റെ അഭിമാനത്തെ വാനോളം ഉയർത്തി. അഞ്ചാം ദിവസമായ ഇന്നലെ ട്രയാത്‌ലറ്റ് അലക്‌സ് യീയും, വനിതാ ക്വാഡ് സ്‌കൾസ് തുഴച്ചിൽക്കാരും ബ്രിട്ടന്റെ മെഡൽ പട്ടികയിലെ അഞ്ചാമത്തെയും ആറാമത്തെയും സ്വർണ്ണ മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ പുരുഷന്മാരുടെ ബി എം എക്സ് ഫൈനലിൽ വെള്ളിയും,ഡൈവിംഗിലും സ്ത്രീകളുടെ ട്രയാത്ലോണിലുമായി രണ്ട് വെങ്കലം മെഡലുകളും ബ്രിട്ടീഷ് താരങ്ങൾ അഞ്ചാം ദിവസം നേടി. അലിസ്റ്റർ ബ്രൗൺലിക്ക് ശേഷം ബ്രിട്ടൻ്റെ രണ്ടാമത്തെ ഒളിമ്പിക് ട്രയാത്ത്‌ലൺ ചാമ്പ്യനായി മാറിയ അലക്സ് യിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നു. തുടക്കത്തിൽ ന്യൂസിലൻഡിന്റെ ഹേയ്ഡൻ വിൽഡന്റെ പുറകിലായിരുന്ന അലക്സ് വെള്ളി നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന ലാപ്പിൽ തന്റെ എതിരാളിയെ പിന്നിലാക്കി അലക്സ് സ്വർണ്ണ നേട്ടം കൈവരിക്കുകയായിരുന്നു.
വനിതകളുടെ റോയിങ് ക്വാഡ്രപ്പിൾ സ്കൾസ് ടീം വിജയിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു യീയുടെ ഐതിഹാസിക സ്വർണ്ണ നേട്ടം. ലോറൻ ഹെൻറി, ഹാനാ സ്‌കോട്ട്, ലോല ആൻഡേഴ്സൺ, ജോർജിന ബ്രെഷോ എന്നിവർ ഉൾപ്പെട്ട വനിതാ തുഴച്ചിൽ സംഘം ഭൂരിഭാഗം സമയവും നെതർലൻഡ്സ് ടീമിന് പിന്നിലായിരുന്നുവെങ്കിലും, ഫോട്ടോ ഫിനിഷിലൂടെ സ്വർണ്ണ നേട്ടത്തിലേക്ക് എത്തുകയായിരുന്നു. പുരുഷന്മാരുടെ ബിഎംഎക്‌സ് ഫ്രീസ്റ്റൈൽ ഫൈനലിന്റെ ആവേശകരമായ സമാപനത്തിൽ ബ്രിട്ടന്റെ കീറൻ റെയ്‌ലി വെള്ളി മെഡൽ നേടിയപ്പോൾ, ഡൈവിംഗ് ജോഡിയായ ആൻഡ്രിയ സ്പെൻഡോളിനി-സിറിയിക്സ്, ലോയിസ് ടൗൾസൺ എന്നിവർ വെങ്കല മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ, വനിതകളുടെ ട്രയാത്ലോണിൽ ബ്രിട്ടന്റെ ബെത്ത് പൊട്ടർ വെങ്കല മെഡൽ നേടിയതും രാജ്യത്തിന് അഭിമാന നിമിഷമായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് ഇപ്പോൾ ആകെ 17 മെഡലുകളാണ് മെഡൽ പട്ടികയിൽ ഉള്ളത്. ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിൽ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ബ്രിട്ടൻ ഈ അവസരത്തിൽ തന്നെ കൈവരിച്ചിരിക്കുന്നത്.
പുരുഷന്മാരുടെ ട്രയാത്ത്‌ലൺ ചൊവ്വാഴ്ച നടക്കേണ്ടതായിരുന്നുവെങ്കിലും സെയ്ൻ നദിയിലെ ജലത്തിൻ്റെ ഗുണനിലവാരം മോശമായതിനാൽ ബുധനാഴ്ചത്തെ വനിതകളുടെ മത്സരം വരെ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളത്തിൻ്റെ കൂടുതൽ ഗുണനിലവാര പരിശോധനകൾക്ക് ശേഷം രണ്ട് മത്സരങ്ങൾക്കും ബുധനാഴ്ച പുലർച്ചെ അനുമതി നൽകിയത്. എന്നാൽ പാരിക്സ് ഒളിമ്പിക്സിൽ ജനങ്ങളുടെ മനം കവർന്നത് ലിയോൺ മർചാൻഡ് എന്ന ഫ്രഞ്ചുകാരനായ താരമായിരുന്നു. അഞ്ചാം ദിവസം നീന്തൽ കുളത്തിൽ മർചാൻഡ് നേടിയത് രണ്ട് സ്വർണ്ണ മെഡലുകൾ ആയിരുന്നു. നാലു ദിവസങ്ങൾക്കുള്ളിൽ മൂന്നു മെഡലുകളാണ് മർചാൻഡ് വാരിക്കൂട്ടിയത്. ഒളിമ്പിക്സിൽ ഇനിയും നേരം ദിനങ്ങൾ വരാനിരിക്കെ, ബ്രിട്ടീഷ് താരങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Leave a Reply