ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇതുവരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു 2022 എന്ന പ്രവചനങ്ങളെ തെറ്റിച്ചു, ഇനിയുള്ള വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ ചൂടാകും 2022 -ൽ രേഖപ്പെടുത്തിയിരിക്കപ്പെട്ടിരിക്കുന്നത് എന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പുതിയ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ” സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് ” റിപ്പോർട്ടിലാണ് ഈ സൂചനകൾ വ്യക്തമാക്കുന്നത്. ഹരിതഗ്രഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വർദ്ധിച്ച താപനിലയുടെ ഉദാഹരണം മാത്രമാണ് 2022 -ൽ ഉണ്ടായത് എന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില, ആവർത്തിച്ചുള്ളതും തീവ്രവുമായ ഉഷ്ണതരംഗങ്ങൾ, കാട്ടുതീ, കടുത്ത വേനൽ, വരൾച്ച, സമുദ്രനിരപ്പിലുള്ള ഉയർച്ച എന്നിവയെല്ലാം തന്നെ സർവ്വസാധാരണമായി മാറുവാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില രേഖപ്പെടുത്തിയിട്ടും, നിരവധി ഇടങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുപോലും , നിലവിലെ എമിഷൻ അളവുകളിൽ കുറവ് വന്നില്ലെങ്കിൽ 2100 ൽ സംഭവിക്കുന്നതിനെ അപേക്ഷിച്ച് 2022 ഒരു സാധാരണ തണുത്ത വർഷമായി കരുതാമെന്ന റിപ്പോർട്ടിലെ വാചകങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും ആശങ്കയുളവാക്കുന്നതാണ്. 2022 ലെ കാലാവസ്ഥയെ സംബന്ധിക്കുന്ന അവലോകനമാണ് ” സ്റ്റേറ്റ് ഓഫ് ദി യു കെ ക്ലൈമറ്റ് ” റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഭാവിയെ സംബന്ധിക്കുന്ന നിരവധി മുന്നറിയിപ്പുകളും ഇതോടൊപ്പം കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞർ നൽകുന്നുണ്ട്.

2022 ആണ് യുകെയിലെ ഏറ്റവും ചൂടേറിയ വർഷമായി റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ 2022 ൽ രേഖപ്പെടുത്തിയ താപനില 1991- 2020 വരെയുള്ള വർഷങ്ങളിലെ ശരാശരിയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. അതോടൊപ്പം തന്നെ വാർഷിക ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ ആദ്യ വർഷം കൂടിയായിരുന്നു ഇത്. ജൂലൈ 19 ന് ലിങ്കൺഷെയറിലെ കോണിംഗ്‌സ്ബിയിൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെൽഷ്യസാണ് യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് 1900 മുതൽ ഏകദേശം 18.5 സെന്റീമീറ്റർ ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയായി മാറിയിരിക്കുകയാണ് എന്നതും ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

മെറ്റിയൊറോളൊജിക്കൽ ഓഫീസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും “സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് 2022” എന്ന പുതിയ റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ മൈക്ക് കെൻഡൻ, 40 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയെ “കാലാവസ്ഥാ ചരിത്രത്തിലെ യഥാർത്ഥ നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ കാലാവസ്ഥ അനുസരിച്ച് ഇതൊരു അപൂർവ്വ സംഭവമാണെങ്കിലും, ഭാവിയിൽ ഇതൊരു സാധാരണ സംഭവമായി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ഗവൺമെന്റും എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിക്കാണുകയാണ് പൊതുസമൂഹം.