ഒരിക്കൽ സച്ചിന്‍ പറഞ്ഞു ഇവന്‍ ഭാവിയിലെ താരമെന്ന്. ഇന്ന് ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് മാത്രം. അത് സച്ചിന്‍ പറഞ്ഞ ആ താരം തന്നെ. ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍. വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെ ഒരേയൊരു സര്‍പ്രൈസ് മാത്രം.കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈയ്ക്കായി തിളങ്ങിയ രാഹുല്‍ ആ മികവിലൂടെയാണു സിലക്ടര്‍മാരുടെ കണ്ണില്‍പെട്ടത്. വെസ്റ്റിന്‍ഡീസില്‍ ട്വന്റി20യിലാകും രാഹുല്‍ കളിക്കാനിറങ്ങുക. രാഹുല്‍ അംഗമായ ടീമില്‍ അര്‍ധ സഹോദരന്‍ ദീപക് ചാഹറും ഉള്‍പ്പെടുന്നു.
കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ രാഹുലിന്റെ സ്‌പെല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റിട്ട രാഹുലിനെപ്പറ്റി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതിങ്ങനെ: പ്രതിഭാസ്പര്‍ശമുള്ള താരമാണു രാഹുല്‍. ഭാവിയിലെ താരം. എത്ര കൃത്യതയോടെയാണു രാഹുല്‍ പന്തെറിയുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി 13 വിക്കറ്റാണു താരമെടുത്തത്.
14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 63 വിക്കറ്റെടുത്തിട്ടുണ്ട് രാഹുല്‍. 6 തവണ 5 വിക്കറ്റ് നേട്ടം കൊയ്തു. ഒരു അര്‍ധസെഞ്ചുറിയോടെ 336 റണ്‍സ് നേടിയിട്ടുമുണ്ട്. 2017ല്‍ ധോണിയും സ്റ്റീവ് സ്മിത്തും ഉള്‍പ്പെട്ട പുണെയ്ക്കായി ഐപിഎല്ലില്‍ അരങ്ങേറി.
പിന്നീട്, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനം. സന്ദര്‍ശകര്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തു.പക്ഷേ, അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ഇടംകിട്ടിയില്ല. രാഹുലിന്റെ അര്‍ധസഹോദരന്‍ ദീപക് നേരത്തെയും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഒരു ട്വന്റി20യും ഒരു ഏകദിനവും.
Leave a Reply