ന്യൂസ് ഡെസ്ക്, മലയാളം യുകെ
നൈജൽ ഫാരേജിൻ്റെ പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തെ പിന്തുണച്ച് ഡൊണാൾഡ് ട്രംപിൻ്റെ മുൻ വൈറ്റ് ഹൗസ് ടീമിലെ അംഗങ്ങൾ. ഡൊണാൾഡ് ട്രംപിൻ്റെ ഉപദേഷ്ടാക്കൾ യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറെ, ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ വാഷിംഗ്ടൺ സന്ദർശിക്കാൻ ക്ഷണിക്കേണ്ടതില്ല എന്നും ചർച്ച ചെയ്യുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. വിസമ്മതം പ്രകടിപ്പിക്കുന്നതിനോ സമ്മർദ്ദം ചെലുത്തുന്നതിനോ ഉള്ള മാർഗമായി അവർ ക്ഷണം മനഃപൂർവം വൈകിപ്പിച്ചേക്കാം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, യുഎസിലെ ബ്രിട്ടൻ്റെ അംബാസഡറായി ലോർഡ് മാൻഡൽസൻ്റെ നിയമനം പുതിയ ഭരണകൂടത്തിന് നിരസിക്കാൻ കഴിയും, ഇത് ബന്ധങ്ങൾ കൂടുതൽ വഷളാക്കും.
ഡൊണാൾഡ് ട്രംപിൻ്റെ സഖ്യകക്ഷി യുകെയിലേയ്ക്കുള്ള ഒരു യാത്രയെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ മറികടന്ന് രാജകുടുംബത്തോട് നേരിട്ട് അഭ്യർഥന നടത്താനാണ് സാധ്യത. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തൊട്ട് പിന്നാലെ ഉണ്ടായിരുന്ന നൈജൽ ഫാരാജിൻ്റെ റിഫോം യുകെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് ട്രംപിൻ്റെ ടീമുമായി നല്ല ബന്ധമുണ്ടെന്ന് അറിയിച്ചു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിന് ലേബർ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ട്രംപിൻ്റെ സഹായികൾ കഴിഞ്ഞ ആഴ്ച എക്സ്ക്ലൂസീവ് പ്രൈവറ്റ് ക്ലബ് 5 ഹെർട്ട്ഫോർഡ് സ്ട്രീറ്റിൽ റിഫോം യുകെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിൽ, കമലാ ഹാരിസിന് വേണ്ടി യുഎസിൽ പ്രചാരണം നടത്താൻ ലേബർ പാർട്ടിയുടെ സോഫിയ പട്ടേൽ ആളുകളെ പ്രോത്സാഹിപ്പിച്ചതിന് ശേഷം ട്രംപിനെ പിന്തുണയ്ക്കുന്നവർ ലേബർ പാർട്ടിക്കെതിരെ “വിദേശ ഇടപെടൽ” ആരോപണം നടത്തിയിരുന്നു.
Leave a Reply