ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടെഡ് ബേക്കർ യുകെയിൽ ഉടനീളമുള്ള തങ്ങളുടെ ഷോപ്പുകൾ അടച്ചു പൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കമ്പനിക്ക് 31 ഷോപ്പുകൾ ആണ് യുകെയിൽ അവശേഷിപ്പിക്കുന്നത്. ഇത്രയും ഷോപ്പുകൾ അടച്ചുപൂട്ടുന്നതോടെ 500 ലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. ഫാഷൻ ബ്രാൻഡിന്റെ എല്ലാ ഷോപ്പുകളും ചൊവ്വാഴ്ച അടച്ചുപൂട്ടുന്നത് അവിടെ ജോലി ചെയ്യുന്ന മലയാളികളെയും ബാധിക്കും.


ടെഡ് ബേക്കറിൻ്റെ നടത്തിപ്പുകാരായ നോ ഓർഡിനറി ഡിസൈനർ ലേബൽ (NODL) വൻ സാമ്പത്തികം നേരിട്ടതാണ് അടച്ചുപൂട്ടലിന് വഴി വച്ചത്. കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിൽ പിടിച്ചു നിൽക്കാൻ കമ്പനിക്കായില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പ്രശ്നങ്ങളെ തുടർന്ന് ഈ വർഷം ഏപ്രിലിൽ നോ ഓർഡിനറി ഡിസൈനർ ലേബലിൻ്റെ (NODL) ഉടമകൾ 15 കടകൾ പൂട്ടുകയും 300 നടുത്ത് ജോലികൾ വെട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. തകർച്ച നേരിടുന്നതിന് മുമ്പ് ടെഡ് ബേക്കറിന് യുകെയിൽ ആകെ 975 ജീവനക്കാർ ഉണ്ടായിരുന്നു. 46 ഷോപ്പുകൾ കൂടാതെ കമ്പനിക്ക് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഉണ്ടായിരുന്നു.

യുഎസ് സ്ഥാപനമായ ഓതൻ്റിക് ബ്രാൻഡ്സ് ഗ്രൂപ്പിന് ടെഡ് ബേക്കറിൽ നിക്ഷേപം ഉണ്ട്. അതേസമയം യുകെയിലെ ബ്രാൻഡിൻ്റെ ഹോൾഡിംഗ് കമ്പനിയാണ് NODL . 1988 ൽ ഗ്ലാസ്ഗോയിൽ പുരുഷൻമാർക്കുള്ള വസ്ത്ര ഫാഷൻ ബ്രാൻഡായാണ് ടെഡ് ബേക്കർ ആരംഭിച്ചത്. പിന്നീട് യുകെയിലും യുഎസിലും ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഷോപ്പുകൾ ആരംഭിച്ച കമ്പനിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. 2019 -ൽ ടെഡ് ബേക്കറിൻ്റെ സ്ഥാപകനായ റേ കെൻവിൻ മോശം പെരുമാറ്റ ആരോപണത്തെ തുടർന്ന് പടിയിറങ്ങിയതോടെയാണ് കമ്പനിയുടെ ശനിദശ ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ പിൻഗാമിയായ ലിൻഡ്സെ പേജും ചെയർമാൻ ഡേവിഡ് ബേൺസ്റ്റൈനും കമ്പനിയെ ലാഭത്തിലേയ്ക്ക് എത്തിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു.