ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ 12 വയസ്സുള്ള ആൺകുട്ടിയെ കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് 14 വയസ്സുള്ള ഒരു ആൺകുട്ടിയെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 4 മണിയോട് അടുത്ത സമയത്താണ് ഹാൾ ഗ്രീനിലെ സ്‌ക്രൈബേഴ്‌സ് ലെയ്‌നിന് സമീപം ഉദരത്തിൽ കുത്തേറ്റ നിലയിൽ ആൺകുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 7 മണിയോടെ മരണമടഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറസ്റ്റിലായ 14 വയസ്സുകാരന്റെ വിവരങ്ങൾ പ്രായ പരിഗണന ഉള്ളതിനാൽ പോലീസ് പുറത്തുവിട്ടിട്ടില്ല. മരണമടഞ്ഞ കുട്ടി ക്രൈസ്റ്റ് ചർച്ച് സെക്കൻഡറി അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രസ്തുത സ്കൂൾ വെബ്സൈറ്റിൽ മരിച്ച കുട്ടിക്ക് അനുശോചനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.

ഹാൾ ഗ്രീനിന്റെ പ്രാന്തപ്രദേശത്തുള്ള വീടുകൾ, കടകൾ, പ്രാദേശിക സ്കൂളുകൾ എന്നിവയാൽ ചുറ്റപ്പെട്ട നീണ്ടതും തിരക്കേറിയതുമായ ഒരു റോഡാണ് സ്‌ക്രൈബേഴ്‌സ് ലെയ്ൻ. ഇവിടെ ഒരു സ്കൂൾ കുട്ടി ദാരുണമായി കൊല്ലപ്പെട്ടത് പ്രാദേശിക വാസികളിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ട്രിറ്റിഫോർഡ് മിൽ പാർക്കിന് സമീപമുള്ള റെയിൽവേ പാലത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. യുകെയിൽ കുട്ടികളുടെ ഇടയിലുള്ള കുറ്റകൃത്യങ്ങൾ കൂടുന്നത് വർദ്ധിക്കുന്നതായുള്ള വിവരങ്ങൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം 14 വയസ്സുകാരിയായ ഒരു പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് സമാന പ്രായക്കാരായ രണ്ട് ആൺകുട്ടികൾ അറസ്റ്റിലായിരുന്നു.