ഷിജു ചാക്കോ 

യുകെ മലയാളിക്ക് ദുഖകരമായ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് നിത്യതയിലേക്ക് യാത്രയായ ടീന പോളിന് ഇന്നലെ യുകെ മലയാളികള്‍ കണ്ണീരോടെ വിട ചൊല്ലി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീനയുടെ സുഹൃത്തുക്കളും മറ്റ് മലയാളികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് അവസാനമായി ടീനയെ ഒരു നോക്ക് കാണുന്നതിനായി ഇന്നലെ കാര്‍ഡിഫില്‍ എത്തിച്ചേര്‍ന്നത്. നിറഞ്ഞ പുഞ്ചിരിയുടെയും സൗമ്യമായ പെരുമാറ്റത്തോടെയും രോഗാവസ്ഥയില്‍ പോലും കണ്ടിരുന്ന ടീന കാര്‍ഡിഫ് മലയാളികള്‍ക്ക് എത്ര മാത്രം പ്രിയങ്കരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ടീനയെ കാണാനെത്തിയ ഓരോരുത്തരുടെയും മുഖത്ത് കണ്ട കണ്ണീരിന്‍റെ നനവ്‌.

രാവിലെ 11.30ന് ക്രമീകരിച്ച പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനയിലും തിരുക്കര്‍മ്മങ്ങളിലും കാര്‍മ്മികരായി വൈദികരായി ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍, ഫാദര്‍ ആംബ്രോസ്, ഫാദര്‍ മാത്യു ചൂരപൊയ്കയില്‍, ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച്ച എമിറേറ്റ്‌സ് ഫ്‌ലൈറ്റില്‍ ടീനയുടെ ഭൗതിക ശരീരം നാലിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച ഇടവക പള്ളിയായ തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ആണ് ടീനയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ കാര്‍ഡിഫ് ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്. 30 വയസ് മാത്രമായിരുന്നു പ്രായം. 2010ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. ആരും പതറി പോകുന്ന അവസ്ഥ ആയിട്ടുകൂടി രോഗത്തോട് പോരാടി 2013ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം പിടികൂടിയത്.

ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു റ്റീനയ്ക്കെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017ല്‍ ആണ് ടീനയ്ക്ക് വീണ്ടും അര്‍ബുദ രോഗം പിടിപെട്ടത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരിയും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.

ഇന്നലെ നടന്ന ചടങ്ങിലെ ആമുഖ പ്രസംഗത്തില്‍ കാര്‍ഡിഫ്‌സ് പീറ്റേഴ്‌സ് റോമന്‍ കാത്തലിക് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ ടീന പോളിനെ അനുസ്മരിച്ചത് കൂടിയിരുന്ന നൂറുകണക്കിന് ആളുകളുടെ മിഴികള്‍ നിറച്ചു. ബിഷപ്പ് സ്രാമ്പിക്കല്‍ പിതാവ് റ്റീനയെക്കുറിച്ചു പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ടീന ഉറങ്ങുന്നതായിട്ടാണ് തോന്നിയത് എന്നാണ്.

ടീനയുടെ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം വരെ നിറമനസ്സോടെ ശ്രുശൂഷിച്ച ജോണ്‍ പോളിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എന്നാണ് അനുശോചനത്തില്‍ ഓരോരുത്തരും പറഞ്ഞത്. സ്വന്തം മകളുടെ കാര്യങ്ങള്‍ കൂടി മറന്നു കൊണ്ട് ആയിരുന്നു രോഗാവസ്ഥയില്‍ ജോണ്‍ പോളും ഭാര്യയും ടീനയെ ശ്രുശൂഷിച്ചതെന്നു ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ പറയുകയുണ്ടായി. ടീനക്ക് അന്ത്യ യാത്ര നല്‍കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഫാദര്‍ ആംബ്രോസ് നന്ദി രേഖപ്പെടുത്തി.