ഈസ്റ്റ് സസെക്‌സ്: പുള്‍ അപ്പ് ബാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരന്റെ ജീവനെടുത്തത് സിക്‌സ് പാക്ക് നേടാനുള്ള വ്യായാമമെന്ന് കണ്ടെത്തി. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണ്‍ സ്വദേശിയായ ഹാരി റോക്കിന്റെ മരണമാണ് ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ചത്. എക്‌സര്‍സൈസിനിടെ ഡ്രെസ്സിംഗ് ഗൗണ്‍ സാഷ് കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കൊറോണര്‍ ജെയിംസ് ഹീലി പ്രാറ്റ് വ്യക്തമാക്കി. 2017 മാര്‍ച്ച് 20നാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹാരിയുടെ മെഡിക്കല്‍ രേഖകളില്‍ മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി സൂചനയില്ലെന്ന് ജിപി റിപ്പോര്‍ട്ട് നല്‍കി. ഹാരിയുടെ ഫോണിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസും അറിയിച്ചു. അവന്‍ സന്തുഷ്ടനായ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യാനുള്ള സാധ്യതകള്‍ ഒന്നുംതന്നെയില്ലെന്ന് മാതാവ് അമാന്‍ഡ റോക്ക് പറഞ്ഞു. അതൊരു ഭയാനകമായ അപകടമാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹോംസ്‌കൂളിംഗ് നടത്തിക്കൊണ്ടിരുന്ന ഹാരി ജിസിഎസ്ഇ പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. മരണ ദിവസം രാവിലെ ഹാരിക്ക് മതപഠന ക്ലാസ് ഉണ്ടായിരുന്നു. അവന് കൗമാരക്കാരുടേതായ ഉത്കണ്ഠകള്‍ ഉണ്ടായിരുന്നുവെന്ന് ട്യൂട്ടറായ റോവാന്‍ ബ്രൗണ്‍ പറഞ്ഞു. അവന്റെ അച്ഛനും രണ്ടാനമ്മയും അവരുടെ കുട്ടികളുമായി നടത്തിയ യാത്രയില്‍ തന്നെ ഒഴിവാക്കിതില്‍ ഹാരിക്ക് വിഷമമുണ്ടായിരുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു.
ബ്രൗണ്‍ വീട്ടില്‍ നിന്ന് പോയി കുറച്ചു സമയത്തിന് ശേഷമാണ് അമാന്‍ഡ ഹാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലത്തിറക്കി സിപിആര്‍ നല്‍കിയെങ്കിലും കുട്ടി മരിച്ചു. ഹാരി ഒപ്പിച്ച ഒരു തമാശയായിരിക്കും ഇതെന്നാണ് താന്‍ ആദ്യം കരുതിയത്. അവന്‍ ചിരിക്കുന്നതായാണ് തനിക്ക് തോന്നിയതെങ്കിലും നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതാണെ പിന്നീടാണ് വ്യക്തമായതെന്നും അമാന്‍ഡ പറഞ്ഞു.
Leave a Reply