ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും കൗമാര ഗർഭധാരണം കുറയാൻ ലോക്ക്ഡൗൺ പ്രധാന കാരണമായെന്ന് റിപ്പോർട്ട്‌. കൗമാര ഗർഭിണികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 വയസ്സിന് താഴെയുള്ള 2,600 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. എന്നാൽ 2019നെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 2019 ന്റെ രണ്ടാം പാദത്തിൽ 3788 കൗമാര ഗർഭധാരണമാണ് റിപ്പോർട്ട്‌ ചെയ്തത്. 1998 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപെടുത്തിയിരിക്കുന്നത്. മാർച്ച് 24 ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിനുമുമ്പ് 2020ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 3,597 കൗമാര ഗർഭിണികൾ ഉണ്ടായിരുന്നു.

 

കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്തെ മുഴുവൻ വീട്ടുതടങ്കലിലാക്കുകയാണ് ഉണ്ടായത്. വീടിനുള്ളിൽ പുറത്തുനിന്ന് ഉള്ളവരുമായി ഇടപഴകുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. ഇതാണ് കണക്കുകൾ കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മികച്ച ലൈംഗിക വിദ്യാഭ്യാസവും ലൈംഗികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതിനാൽ 2008 മുതൽ കൗമാരക്കാരുടെ ഗർഭധാരണ നിരക്ക് പകുതിയിലധികം കുറഞ്ഞിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ ഭാഗത്ത് ഏറ്റവും ഉയർന്ന കൗമാര ഗർഭധാരണ നിരക്ക് രേഖപ്പെടുത്തി. 100,000 ആളുകളിൽ 16.2 കൗമാര ഗർഭധാരണങ്ങൾ. നോർത്ത് വെസ്റ്റിൽ 15.8, യോർക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ 13.2, വെസ്റ്റ് മിഡ്‌ലാൻഡിൽ 11.5 എന്നിങ്ങനെയാണ് നിരക്ക്. 2020 ന്റെ രണ്ടാം പാദത്തിലെ കണക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ ഹൈജീൻ ആൻഡ് മെഡിസിൻ നടത്തിയ പഠനത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കഴിഞ്ഞ വസന്തകാലത്ത് ആളുകൾ അവരുടെ സാമൂഹിക സമ്പർക്കം 75 ശതമാനം കുറച്ചുവെന്നാണ്. 16 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ 15 വയസും അതിൽ താഴെയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രായപൂർത്തിയാകാത്തവർ 16 വയസ്സിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമാണ്.