ലിവര്‍പൂള്‍: നടുറോഡില്‍ റൗഡിത്തരം കാണിക്കുകയും മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കൗമാരക്കാരെ മാതാപിതാക്കള്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന 13 അംഗ സംഘത്തെയാണ് മാതാപിതാക്കള്‍ നേരിട്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്. 13നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. നല്ല നടപ്പിനുള്ള ശാസന നല്‍കിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലിവര്‍പൂളിലെ റീട്ടെയില്‍ പാര്‍ക്കില്‍ വെച്ചാണ് ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരെ അപമാനിക്കുകയും ചെയ്തത്. മക്‌ഡൊണാള്‍ഡ്‌സ്, സെയിന്‍സ്‌ബെറീസ്, ബി ആന്റ് എം റീട്ടെയില്‍ പാര്‍ക്കില്‍ വെച്ച് ജീവനക്കാരുമായി തര്‍ക്കിച്ച കൗമാരക്കാര്‍ അനാവശ്യമായി ബഹളം വെക്കുകയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരോട് സ്ഥാപനം വിട്ടുപോകാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിടേക്ക് കടന്നുവന്ന ഉപഭോക്താക്കളുടെ കാറുകള്‍ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഇവരുടെ പ്രവൃത്തികളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാല്‍ട്ടണ്‍ ലെയിന്‍ പോലീസ് സ്‌റ്റേഷന്‍ അധികാരികളും വിദഗദ്ധരും അടങ്ങിയ സംഘമാണ് ഹാജരായ കൗമാരക്കാരുമായി സംസാരിച്ചത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടര്‍ന്നതോടെയാണ് മക്കളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്.
Leave a Reply