ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഏറ്റവും വലിയ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരുടെ ഇടപെടൽ മനുഷ്യത്വരഹിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്ലാസ്‌ഗോയിലെ ഒരു സ്പെഷ്യലിസ്റ്റ് എൻഎച്ച്എസ് യൂണിറ്റായ സ്കൈ ഹൗസിലെ നേഴ്സുമാരെ കുറിച്ചാണ് കുട്ടികൾ വ്യാപകമായി പരാതി പറഞ്ഞത്. ചില നേഴ്സുമാർ അവരെ വെറുപ്പുള്ളവാക്കുന്നവർ എന്നു വിളിച്ചതായി കുട്ടികൾ പരാതിപ്പെട്ടു.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ആത്മഹത്യാ ശ്രമങ്ങളെ പോലും നേഴ്സുമാർ പരിഹസിച്ചതായി കുട്ടികൾ പറഞ്ഞു. മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു മൃഗത്തെ പോലെയാണ് തന്നെ പരിഗണിച്ചതെന്ന് ചികിത്സയിലിരിക്കുന്ന ഒരു രോഗി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എടുത്തു കാണിക്കുന്നവയാണ്.
പുറത്തുവന്ന വിവരങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമാണെന്നാണ് എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോയും പുറത്തുവന്ന വാർത്തകളോടെ പ്രതികരിച്ചത്. ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ ആരോപണങ്ങളെ കുറിച്ച് രണ്ട് അന്വേഷണങ്ങൾ ആരംഭിച്ചു. കിഡ്‌സ് ഓൺ ദി സൈക്യാട്രിക് വാർഡ് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനിടെയാണ് ബിബിസി പ്രതിനിധികൾ 28 മുൻ രോഗികളോട് സംസാരിച്ചത്. ഗ്ലാസ്‌ഗോയിലെ സ്റ്റോബിൽ ആശുപത്രിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന 24 കിടക്കകളുള്ള മാനസികാരോഗ്യ ആശുപത്രി “നരകം” പോലെയാണെന്ന് ഒരാൾ പറഞ്ഞു. 2017 നും 2024 നും ഇടയിൽ പ്രവേശിപ്പിച്ച യുവാക്കൾ നേഴ്‌സുമാർ ബലപ്രയോഗം നടത്തിയെന്നും രോഗികളെ ഇടനാഴികളിലൂടെ വലിച്ചിഴച്ചതായും ഇത് അവരെ മുറിവേൽപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.
Leave a Reply