റവ. ഫാ. ഹാപ്പി ജേക്കബ്
ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഒന്നാം വാരം പിന്നിടുമ്പോള്‍ ആത്മീയ തേജസ്സിന്റെ ഉന്നതാവസ്ഥയില്‍ നിന്നു കൊണ്ട് ഒരു ആത്മശോധന നമുക്ക് നിവ്വഹിക്കാം. പലതും ഉപേക്ഷിക്കണമെന്ന് നോമ്പില്‍ പലരും നിഷ്‌കര്‍ഷിക്കാറുണ്ട്. ഉപേക്ഷണത്തോടൊപ്പം സ്വീകരണവും നോമ്പിന്റെ പ്രത്യേകതയാണ്. അസൂയയും, ദേഷ്യവും, തിന്മയും, വെറുപ്പും, വിദ്വേഷവും മനസ്സില്‍ നിന്നകറ്റി നന്മയും, ഭയവും, ക്ഷമയും, സ്‌നേഹവും, പ്രത്യാശയും നമ്മുടെ മനസ്സില്‍ നിറയട്ടെ. ദൈവവും ദേവസ്‌നേഹവും കേട്ടറിഞ്ഞ അറിവായിട്ടല്ല, ഓരോരുത്തരും സ്വയമായി അതനുഭവിക്കുമ്പോള്‍ ദൈവരാജ്യം സമാഗതമാകും.

വേദനയുടേയും, രോഗത്തിന്റേയും, പീഡയുടെയും അനുഭവത്തില്‍ നിന്നുള്ള വിടുതല്‍ നോമ്പിലൂടെ ലഭിക്കട്ടെ. ആത്മാവിന്റെ സഹയാത്രികനാണല്ലോ പ്രാര്‍ത്ഥന. നാമെല്ലാവരും പ്രാര്‍ത്ഥിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരുമാണ്. സമൂഹ ജീവിതത്തിന്റെ ജീര്‍ണ്ണതയാകുന്ന ‘അഹം’ പ്രാര്‍ത്ഥനയിലും ഇന്ന് പ്രകടമാണ്. വിരുദ്ധ ലൂക്കോസിന്റെ സുവിശേഷം 5:1216, 4:4041 ഭാഗങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയിലെ കുറവ് നമുക്ക് മനസ്സിലാക്കാം. എനിക്ക് വേണം എനിക്ക് തരണം എന്ന് പ്രാര്‍ത്ഥിക്കുന്ന നാം ഈ കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന ഒരു നിമിഷം ശ്രദ്ധിക്കൂ.

‘കര്‍ത്താവേ അവിടുത്തേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും’ . കര്‍ത്താവ് അവനെ തൊട്ടു അവനോട് പറഞ്ഞു. എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാവുക.
പ്രാര്‍ത്ഥിച്ച് ഉടനേ ഫലം കാണാതെ നിരാശപ്പെട്ട് പിന്തിരിഞ്ഞ ഒരു പാട് പേരുണ്ട് നമ്മുടെ ഇടയില്‍. എപ്പോഴെങ്കിലും തിരുഹിതം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? നമുക്കും പ്രാര്‍ത്ഥിക്കാം നിനക്ക് ഹിതമെങ്കില്‍ എനിക്ക് സൗഖ്യം തരിക. ആ കുഷ്ഠരോഗിക്ക് പൂര്‍ണ്ണ വിശ്വാസമായിരുന്നു. വിശ്വാസത്തില്‍ നാം എവിടെ നില്ക്കുന്നു. തീര്‍ത്ഥാടനവും ധ്യാനവും ഞായറാഴ്ച ആരാധനയും വിശ്വാസത്തോടെയാണോ നാം നടത്തുന്നത്? അല്ലായെങ്കില്‍ ആള്‍കൂടത്തില്‍ ഒരാള്‍ എന്നതിനപ്പുറം ഒന്നുമാവില്ല.

എന്നാല്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ സമര്‍പ്പിതമായി അത് നാം നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ഫലവുമുണ്ടാകും. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിച്ച് സ്വീകരിക്കേണ്ടതിനെ സ്വീകരിച്ച് ഈ നോമ്പിലൂടെ നമുക്ക് യാത്ര ചെയ്യാം. കര്‍ത്താവേ, നിനക്ക് ഹിതമെങ്കില്‍ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

fr. happy jacob-124x150ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.