തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറ് പേരുൾപ്പെടെ ഒമ്പത് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ. ഗൊരേകുന്ദ ഗ്രാമത്തിലെ കോൾഡ് സ്റ്റേറേജ് യൂണിറ്റിന് സമീപത്തെ കിണറിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അഞ്ച് മൃതശരീരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലാണ് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.
ബംഗാളിൽ നിന്നും തെലങ്കാനയിലെത്തിയ മഖ്‌സൂദ് ആലന്റെ കുടുംബമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നിഷ, മകൾ, പേരക്കുട്ടികള്‍ എന്നിവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങൾ. ഇവർക്ക് പുറമെ ത്രിപുര സ്വദേശിയായ ഷക്കീൽ അഹമ്മദ്, ബീഹാർ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയ മറ്റുള്ളവർ. മരിച്ചവരുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഒന്നും തന്നെയില്ലെന്നതിനാൽ ആത്മഹത്യ ആണെന്ന നിലപാടിലാണ് പോലീസ്. ഇവർ സാമ്പത്തിക പ്രയാസത്തിലായിരുന്നു എന്ന സൂചനയും പോലീസ് നൽകുന്നുണ്ട്.
എസിപി ശ്യാം സുന്ദറും ഇത്തരത്തിലാണ് പ്രതികരിച്ചത്. ഇതൊരു കൂട്ട ആത്മഹത്യ ആവാനാണ് സാധ്യത. കുടുംബം ഒന്നിച്ച് ജീവനൊടുക്കിയതായി കരുതുന്നു. എന്നാൽ മറ്റ് മൂന്ന് മൃതശരീരങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നത് ദുരൂഹമാണ്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസിപി പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 29 വർഷമായി തെലങ്കാനയിൽ താമസിച്ച് വരുന്ന ബംഗാൾ സ്വദേശികൾ ജൂട്ട് ബാഗുകള്‍ തയ്യാറാക്കുന്ന ജോലി നോക്കി വരികയായിരുന്നു. കരിമാബാദിലെ വാടക വീട്ടിൽ താമസിച്ച് വന്നിരുന്ന ഇവർ ലോക്ക്ഡൗണിന് പിന്നാലെയാണ് ഗോഡൗണിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയില്‍ താമസിച്ച് വന്നിരുന്നവരാണ് മരിച്ച ബീഹാർ സ്വദേശികളായ മറ്റ് രണ്ട് പേർ. ഇവർ ജോലി ചെയ്തിരുന്ന ചാക്ക് നിർമാണ മില്ലിന്റെ ഉടമ അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് മരണവിവരം പുറത്തറിയുന്നത്.
Leave a Reply