തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ശ്രമിക്കില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് താരത്തെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്ത് ഇറങ്ങില്ലെന്ന് മോഹന്‍ലാല്‍ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അനൗദ്യോഗികമായി ബി.ജെ.പിയുമായി അടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ ലാലിനെ രംഗത്തിറക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇതുവരെ സമ്മതം അറിയിക്കാതിരുന്നതിനാല്‍ സ്ഥിരീകരണമുണ്ടായില്ല.

അതേസമയം തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ ഒരുപക്ഷത്തിന്റെ വാദം. എന്നാല്‍ തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി മൂന്നേകാല്‍ വര്‍ഷംകൂടി തുടരാനാവും. ആര്, എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴേ എന്തു തീരുമാനവും ഞാന്‍ അറിയാവൂ. അതാണ് ശരിയും- സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നു നേരത്തേതന്നെ ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദം ചെലുത്തി മത്സരത്തിനിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേരളത്തില്‍ 18 സീറ്റില്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അവകാശവദം ഉന്നയിച്ചത്. അമിത് ഷാ, രവി ശങ്കര്‍ പ്രസാദ് ,നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. തെരഞ്ഞെടുപ്പിനായി പ്രാരംഭ നടപടികള്‍ ബി.ജെ.പി ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.