ഹൈദരാബാദ്: തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. മുഹമ്മദ് യൂസഫ് എന്ന പാഷയാണ് അറസ്റ്റിലായത്. 16-ാം വയസിലാണ് താന്‍ ആദ്യമായി കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇപ്പോള്‍ യൂസഫിന് 32 വയസുണ്ട്. ഇതുവരെ 12 കൊലപാതകങ്ങളാണ് നടത്തിയത്. മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ട് മണ്ഡലത്തില്‍ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യൂസഫ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന രീതിയെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ആദ്യം ഒരാളെ പരിചയപ്പെടുകയും അവരുമായി സംഭാഷണം ആരംഭിക്കുകയും ചെയ്യും. താനൊരു ചിത്രകാരനാണ് എന്നാണ് യൂസഫ് സ്വയം പരിചയപ്പെടുത്തുന്നത്. പിന്നീട് സ്വര്‍ണ നാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നോ അല്ലെങ്കില്‍ കുറഞ്ഞ പൈസയ്ക്ക് എന്തെങ്കിലും വില്‍ക്കുന്ന ഇടമുണ്ടെന്നോ പറഞ്ഞ് പരിചയപ്പെട്ട വ്യക്തിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകും. സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ യൂസഫ് കൂടെയുള്ള ആളുടെ കണ്ണില്‍ മുളകുപൊടി വിതറുകയും വലിയ കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയും ചെയ്യും. പിന്നീട് അവരുടെ ആഭരണവും പൈസയും മൊബൈല്‍ ഫോണും മോഷ്ടിക്കും.
യൂസഫ് ഒരു പുളി വില്‍പ്പനക്കാരനായിരുന്നെന്നും എന്നാല്‍ ഇയാള്‍ക്ക് ആവശ്യത്തിന് പണം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന യൂസഫ് ലഹരി ഉപയോഗിക്കുകയും ലൈംഗിക തൊഴിലാളികളെ സമീപിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരുടെ ഭാര്യമാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 2017ല്‍ യൂസഫിനെ മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വികരാബാദ് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
വികരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്ത് യൂസഫ് കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് മഹബൂബ്‌നഗര്‍ പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി പറയുന്നത്. ഫെബ്രുവരി ഒമ്പതിനാണ് തൂപ്പുതൊഴിലാളിയായ ജെ.ബാലരാജിന്റെ (52) മൃതദേഹം വനത്തിനകത്ത് കണ്ടെത്തിയത്.
കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് യൂസഫ് ബാലരാജിനെ തനിക്കൊപ്പം കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് കൈക്കലാക്കുകയും ചെയ്തു.
ദിവസങ്ങളോളം കൊലപാതകിയെ കുറിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ ഐഎംഇ നമ്പര്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫ് ആ ഫോണില്‍ തന്റെ സിം കാര്‍ഡ് ഇട്ടതിന് ശേഷമാണ് പൊലീസിന് ഇയാളെ കണ്ടു പിടിക്കാനായത്.
Leave a Reply