ലോക്ക്ഡൗണിനിടയിൽ ഒറ്റപ്പെട്ടുപോയ മകനെ തിരിച്ചെത്തിക്കാൻ ഒരമ്മ യാത്ര ചെയ്തത് 1400 കിലോമീറ്റർ. അതും മൂന്നു ദിവസം കൊണ്ട് യാത്ര ചെയ്ത്. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെ തെലങ്കാനയില്‍ തിരിച്ചെത്തിക്കാന്‍ ഒരമ്മ ഈ സാഹസിക യാത്രനടത്തിയത്. 48-കാരിയായ റസിയ ബീഗമാണ് ആന്ധ്രയില്‍ നിന്ന് മകനെ സ്‌കൂട്ടറില്‍ തിരിച്ചെത്തിച്ചത്. നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയബീഗം. 15 വര്‍ഷം മുമ്പ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. രണ്ട് ആണ്‍ മക്കളുണ്ട്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.

സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ്‌ മാര്‍ച്ച്‌ 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. റൈഡിങിന് പോകുകയാണെന്ന് കരുതി പോലീസ് തടഞ്ഞുവെക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് മൂത്തമകനെ അയക്കാതെ നിസാമുദ്ദീനെ തിരിച്ചുകൊണ്ടുവരാന്‍ റസിയ ബീഗം മുന്നിട്ടിറങ്ങിയത്. പോലീസില്‍ നിന്ന് അനുമതി വാങ്ങിയായിരുന്നു റാസിയ ബീഗത്തിന്റെ യാത്ര.

WhatsApp Image 2024-12-09 at 10.15.48 PM

നെല്ലൂരിലെ സോളയില്‍ നിന്നാണ് അവര്‍ മകനേയും കൊണ്ടു മടങ്ങിയത്.’ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു’ റസിയ ബീഗം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.