ലോക്ക് ഡൗണ്‍ സമയത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ആര്‍എസ്എസ് യൂണിഫോം ധരിച്ച ആളുകള്‍ ലാത്തിയുമായി ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പോലീസ്.

യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. @ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന ചോദ്യം. ഇതോടയൊണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും, പോലീസ് ആര്‍ക്കും പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.

അതെസമയം, ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത് എന്നാണ് തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറയുന്നത്. എന്നാല് ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പോലീസ് സമ്മര്‍ദ്ദത്തിലായെന്നും ആയുഷ് നടിമ്പള്ളി കൂട്ടിച്ചേര്‍ത്തു.