സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള വാർത്തയല്ല ഇനി കേൾക്കാൻ പോകുന്നത്. ഇതുവരെ യുകെമലയാളികളെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നതിന് ഉതകുന്ന ഒരുപിടി വാർത്തകൾ മലയാളം യുകെ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും എന്താണ്, എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നവർ വളരെ കുറവ്. ഒരുപക്ഷെ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയായിരിക്കാം. ഇനി ചതിക്കപ്പെട്ട ചിലരാകട്ടെ എന്തോ അപമാനം സംഭവിച്ചതുപോലെ ഒരാളോടും പറയാതെ മൂടി വയ്ക്കുന്നു. എന്നാൽ നാം അത് കൂട്ടുകാരോടുപോലും പങ്കുവെക്കാതെ പോകുമ്പോൾ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾക്ക് സഹായം ആണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക.
ഇനി സംഭവത്തിലേക്ക്..
തട്ടിപ്പ് നടക്കുന്നത് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി ഉച്ചക്ക് രണ്ട് മണിയോടെ ബാസിൽട്ടൻ, സൗത്ത് എൻഡ് ഓൺ സീക്ക് അടുത്തായി… ഈ മലയാളി നേഴ്സ് യുകെയിൽ എത്തിയത് കഴിഞ്ഞ 2020 ആഗസ്റ്റിൽ. ഇംഗ്ലീഷ് പരീക്ഷകൾ എല്ലാം പാസ്സായി ഇവിടെയെത്തി, പിന്നീട് NHS ( Natioanl Health Service) വർക്ക് പെർമിറ്റ് ലഭിച്ചത്. യുകെയിൽ എത്തി കടമ്പകൾ എല്ലാം കടന്ന് പിൻ നമ്പറും ലഭിച്ചു. ഏതൊരാളെപോലെയും എത്രയും പെട്ടെന്ന് ഭർത്താവിനെയും കുഞ്ഞിനേയും യുകെയിൽ എത്തിക്കുക എന്ന ചിന്തയോടെ അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് ചതിയന്മാരുടെ ഫോൺ എത്തുന്നത്.
നാട്ടിലേക്കുള്ള എല്ലാ പേപ്പർ വർക്കുകളൂം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ NHS മലയാളി നേഴ്സ്. അക്കൗണ്ടിൽ ആവശ്യത്തിന് പണം വേണം ഭർത്താവിനും കുട്ടിക്കും യുകെയിലേക്ക് വിസ ലഭിക്കുവാൻ. ഒരു കാരണവശാലും അക്കൗണ്ടിൽ പണം ഇല്ലാത്തതുകൊണ്ട് വിസ കിട്ടാതെപോവരുത് എന്ന തീരുമാനത്തോടെ ചിലവുകൾ ക്രമീകരിച്ചു. ഈ മാസത്തെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് ലഭിക്കുന്നതോടെ വിസക്കുള്ള പേപ്പറുകൾ കേരളത്തേക്ക് അയക്കാം. വന്ന സമയത്തു ലോക്ക് ഡൗൺ ആയിരുന്നതിനാൽ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ സാധിച്ചില്ല. ഓൺലൈൻ ബാങ്കിങ് മാത്രമുള്ള ബാങ്കിലാണ് അക്കൗണ്ട് തുറന്നത്.
കോവിഡ് ഒരു വഴിക്ക് ഭയപ്പെടുത്തുന്നുണ്ടെകിലും, പലപ്പോഴും വഴിമുടക്കിയായി മുന്നിൽ എത്തി. കാരണം തന്റെ ഭർത്താവും കുഞ്ഞും വരുന്നതിന് മുൻപ് വീട് തരപ്പെടുത്തണം. RIGHT MOVE എന്ന പ്രസിദ്ധമായ സൈറ്റിലൂടെ അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. പല വീടുകൾ കണ്ടശേഷം തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് ഈ നഴ്സിന്റെ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഫോൺ എത്തുന്നത്.
യുകെയിലെ നിയമങ്ങളെക്കുറിച്ചു വലിയ പിടുത്തമില്ലാത്ത ഈ മലയാളി നഴ്‌സിനെ കെണിയിൽ പെടുത്താൻ ഉതകുന്ന ഫോൺ കാൾ. വിളിക്കുന്നത് HMRC യിൽ നിന്നും ആണെന്ന് വെളിപ്പെടുത്തിയ ഈ വ്യക്തി, മലയാളി നഴ്‌സിന്റെ പേര്, അഡ്രസ്, എന്നുവേണ്ട തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി ചെവിയിൽ എത്തിയപ്പോൾ സംശയിക്കാൻ ഇടമില്ലായിരുന്നു.
ഇതുവരെ ഈ ടാക്‌സ് നൽകിയിട്ടില്ലെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയരുന്ന അവസ്ഥ. ഓർമ്മയിൽ തെളിഞ്ഞത് ഭർത്താവിനെയും കുഞ്ഞിനെയും.. ജീവിതം ഇരുൾ അടയുകയാണെല്ലോ എന്ന ചിന്തയിൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കാണാൻ ഒരു അവസരം പോലും ഇല്ല എന്ന ചിന്ത… മലയാളി നഴ്‌സിന്റെ വാക്കുകൾ പുറത്തേക്ക് വരുന്നത് ബ്രേക്ക് ആവുന്ന സാഹചര്യം… മലയാളം യുകെയോട് ഈ നേഴ്സ് തുടർന്നു. റോഡിനരുകിൽ നിന്നുകൊണ്ടാണ് ഈ ഫോൺ അറ്റൻഡ് ചെയ്‌തത്. വണ്ടി പോകുന്ന ശബ്ദം കേൾവിയെ തടസപ്പെടുത്തി എങ്കിലും അവർ ഭീഷണികൾ തുടന്നു. നിൽക്കുന്ന സ്ഥലത്തുനിന്നും നിന്നെ അറസ്റ്റുചെയ്യാൻ പോകുന്നു എന്ന് കൂടി അറിയിച്ചു. പകച്ചുപോയ ഈ മലയാളി നഴ്സിനോട് പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നും അതിന് നാല് ക്രൈറ്റീരിയ ആണ് ഉള്ളതെന്നും ഇവർ അറിയിച്ചു.
ഈ മലയാളി നേഴ്സ് വന്നത് കോവിഡ് ലോക്ക് ഡൗൺ കാലത്തു ആയതുകൊണ്ട് ടാക്‌സ് കോഡ് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ മാസമാണ് ടാക്സ് കോഡ് ലഭിച്ചത്. സ്വാഭാവികമായും ഈ ഫോൺ കാൾ സത്യമാണ് എന്ന് വിശ്വസിക്കാൻ ഇടവന്നതിന്റെ കാരണം എന്നും ഈ മലയാളി നേഴ്സ് മലയാളം യുകെയോട് വെളിപ്പെടുത്തി.
ആദ്യ ക്രൈറ്റീരിയ അവർ പറഞ്ഞു. കിട്ടിയ വരുമാനത്തിന്റെ ടാക്‌സ് അധികമായി നൽകേണ്ട തുക £779.50 ഇപ്പോൾ തന്നെ കൊടുക്കണം. ഇതിനോടകം ഈ മലയാളിയുടെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ വന്നു. പണമിടപാട് നടന്നു എന്ന് തിരിച്ചറിയാൻ 2400 പൗണ്ട് കൊടുക്കണം. 45 മിനിറ്റുകൾക്കുള്ളിൽ ഈ തുക തിരിച്ചു നിങ്ങളുടെ അക്കൗണ്ടിൽ ഇടുമെന്നും ഉള്ള ഒരു ഉറപ്പും ലഭിച്ചു. അതും രണ്ട് ട്രാൻസാക്ഷൻ ആയിട്ട് നൽകണമെന്നും. ആദ്യ തുക £999.00. തുടർന്ന് ബാക്കിയായ £1401.൦൦.
എന്നാൽ £999.00 ന്റെ ഇടപാട് പരാജയപ്പെട്ടു എന്നും വീണ്ടും ചെയ്യണമെന്നും നിർദ്ദേശം. പണമിടപാട് പരാജയപ്പെട്ടു എന്ന് കാണിക്കുന്ന ഒരു ഫേക്ക് വെബ് പേജ് ഈ നഴ്സിന്റെ ഫോണിൽ ഹാക്കർമാർ എത്തിക്കുകയായിരുന്നു. വീണ്ടും £999.00
മൂന്നാമത്തെ ക്രൈറ്റീരിയ എത്തി.. അത് സോളിസിറ്റർ.. ഈ കേസുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സോളിസിറ്റർ വീട്ടിൽ പിറ്റേന് തന്നെ എത്തുമെന്നും അവർ കൊണ്ടുവരുന്ന പേപ്പറുകളിൽ ഒപ്പിട്ടാൽ ഈ വിഷയം തീരുമെന്നും അറിയിച്ചു. അതിനായി വക്കീൽ ഫീസ് ആയി കൊടുക്കേണ്ടത് £998.32. അങ്ങനെ ഹാക്കർമാർ പറ്റിച്ചു മേടിച്ച ആകെ തുക £5186.00. (അതായത് Rs. 5,18,600). പണം നഷ്ട്ടപ്പെട്ടതിൽ ദുഃഖം ഉണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്തു ഭർത്താവിനെയും കുഞ്ഞിനേയും എത്തിക്കുവാൻ സാധിക്കുമോ എന്നതിൽ ആണ് താൻ കൂടുതൽ വിഷമിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.
ഇനി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർ അറിയാൻ..
താഴെ കാണുന്ന HMRC യുടെ വെബ്സൈറ്റ് കാണുക.. കൂട്ടുകാരുമായി ഷെയർ ചെയ്യുക വഴി മറ്റൊരാൾക്ക് സംഭവിക്കാതെയിരിക്കട്ടെ.
Leave a Reply