ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച താപനില 30°C ന് മുകളിൽ ഉയരും എന്ന് അറിയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ് അലേർട്ട് പുറപ്പെടുവിച്ചു. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഈ അലേർട്ടുകൾ ബാധകമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ ബുധനാഴ്ച വൈകിട്ട് ആറുമണി വരെയായിരിക്കും അലേർട്ടുകൾ ബാധകമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു.
സതേൺ യുകെയിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിലെ താഴ്ന്ന മർദ്ദവും കാരണം തെക്ക് നിന്ന് മുകളിലേക്ക് ചൂടുള്ള വായു നീങ്ങുന്നതാണ് താപനില വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ആയിരിക്കും ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുക, എന്നാൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ട്. സ്കോട്ട് ലൻഡിലും വടക്കൻ അയർലൻഡിലും കൂടുതലും മഴ ആയിരിക്കും ലഭിക്കുക.
ഞായറാഴ്ച മധ്യ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ താപനില 26-28°C വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ സ്കോട്ട് ലൻഡിലേയ്ക്കും വടക്കൻ അയർലൻഡിലേയ്ക്കും മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല ഭാഗങ്ങളിലും താപനില 27-31°C വരെ എത്താം.
Leave a Reply