ലണ്ടന്‍: ശീതയുദ്ധകാലത്തിനു ശേഷം ഏറ്റവും മോശം അവസ്ഥിയില്‍ നില്‍ക്കുന്ന റഷ്യ-യുകെ ബന്ധം യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒരു യുദ്ധത്തിന കാരണമായാല്‍ ബ്രിട്ടനില്‍ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും പിന്നീട് നടക്കുക. സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ ആക്രമണം വിശദീകരിക്കണമെന്ന് തെരേസ മേയ് റഷ്യക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അത് തള്ളിയ റഷ്യ ഒരു ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിട്ടന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇക്കാര്യത്തിന് തന്റെ പ്രസംഗത്തില്‍ അടിവരയിടുകയും ചെയ്തു. ശക്തമായ ആണവായുധങ്ങളുടെ കലവറ തന്നെ റഷ്യക്കുണ്ടെന്നും ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടെന്നും പുടിന്‍ പറഞ്ഞു. അത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബാക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്നതാണ് യുകെ നിവാസികളുടെ മുന്നിലുള്ള ചോദ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകളൊന്നും ഇപ്പോളില്ല. നാല് മിനിറ്റ് മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകളും നിലവിലില്ല.
അത്തരമൊരു ആക്രമണമുണ്ടായാല്‍ ഗവണ്‍മെന്റ് എല്ലാ മൊബൈല്‍ ഫോണുകളുടെയും നിയന്ത്രണം ഏറ്റെടുക്കും. അവയിലൂടെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കും. റഷ്യയില്‍ നിന്ന് തൊടുക്കുന്ന ഒരു മിസൈല്‍ ലണ്ടനിലെത്തണമെങ്കില്‍ 20 മിനിറ്റ് സമയമെടുക്കും. മറ്റ് നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് മുകളിലൂടെയായിരിക്കും ഈ മിസൈല്‍ സഞ്ചരിക്കുകയെന്നതിനാല്‍ മുന്നറിയിപ്പുകള്‍ ലഭിക്കും. അതിനാല്‍ ആക്രമണത്തെ നേരിടാന്‍ ബ്രിട്ടന് 10 മിനിറ്റായിരിക്കും സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങള്‍ തേടാനുള്ള സന്ദേശം എത്തിക്കണം. ഇതിനുള്ള ശേഷി ജിസിഎച്ച്ക്യുവിനുണ്ടെന്നാണ് വിവരം.
മൊബൈലുകളിലെ ഔട്ട്‌ഗോയിംഗ് സംവിധാനം ബ്ലോക്ക് ചെയ്യുകയാണ് അടുത്ത പടി. അടിയന്തര സര്‍വീസുകള്‍ക്ക് വേണ്ടി മാത്രം മൊബൈല്‍ സിഗ്നലുകള്‍ ലഭ്യമാക്കാനും സുപ്രധാന നിര്‍ദേശങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജപ്പാനില്‍ ഇത്തരമൊരു അണുവായുധ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കെട്ടിടങ്ങളും അവയുടെ ഭൂഗര്‍ഭ നിലകളും കണ്ടെത്താനായിരുന്നു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജാപ്പനീസ് ടിവി സംപ്രേഷണം നിര്‍ത്തിവെച്ച് കറുത്ത സ്്ക്രീനില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടാനുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
Leave a Reply