തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്നും നിര്‍ദേശം നല്‍കി. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.
ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രി അറിയിച്ചു.
Leave a Reply