ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉടനീളം ഇന്നലെ നടന്ന പാലസ്തീൻ അനുകൂല സമരങ്ങളിലും റാലികളിലും പതിനായിരങ്ങൾ പങ്കെടുത്തു. സെൻട്രൽ ലണ്ടനിൽ മാത്രം 30,000 പേർ സമരപരിപാടികളിൽ പങ്കെടുത്തതായാണ് പോലീസ് കണക്കാക്കുന്നത്. എഡിൻബർഗ്, ഗ്ലാസ്കോ, ലണ്ടൻ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടന്ന കുത്തിയിരുപ്പ് സമരം ട്രെയിൻ യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. വംശീയവിദ്വേഷം വളർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ലണ്ടനിൽ മാത്രം 29 പേരെയാണ് അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകോപനപരമായ ബാനർ പ്രദർശിപ്പിച്ചതിന് തീവ്രവാദ നിയമം ചുമത്തി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശനങ്ങൾ നടത്തിയതിനുൾപ്പെടെ ഒട്ടേറെ പേരാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസം യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാ ശനിയാഴ്ചകളിലും ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും പ്രാദേശിക പ്രതിഷേധങ്ങളുടെ ഒരു പരമ്പരതന്നെ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്ന് സ്റ്റോപ് ദ വാർ സഖ്യത്തിന്റെ സംഘാടകർ അറിയിച്ചു. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തിയത് മൂലം ഗതാഗതം താത്കാലികമായി സ്തംഭിച്ചു.


ഇസ്രയേൽ ഹമാസ് സംഘർഷം യുകെയിൽ വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഔദ്യോഗികമായി യുകെ ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോഴും ഭരണ പ്രതിപക്ഷ എംപിമാർക്കിടയിൽ യുദ്ധ മേഖലയിൽ വെടിനിർത്തലിന് യുകെ ആഹ്വാനം ചെയ്യണമെന്ന അഭിപ്രായങ്ങൾ ഉളളവർ ഒട്ടേറെയാണ്. പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറിന്റെ നിലപാടിനെ എതിർത്തുകൊണ്ട് സ്വന്തം പാർട്ടിയിലെ തന്നെ എംപിമാർ രംഗത്ത് വന്നത് ലേബർ പാർട്ടിയിൽ വൻ പ്രതിസന്ധിക്ക് വഴി വച്ചിരുന്നു. ഇതിനിടെ ഒക്ടോബർ 7 – ന് ഹമാസ് ആക്രമണത്തിൽ, ബന്ദികളാക്കിയവർക്കായി മാഞ്ചസ്റ്ററിൽ ഫ്രണ്ട് ഓഫ് ഇസ്രായേൽ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ബന്ദികളാക്കിയവരുടെ പേരുകൾക്ക് നേരെ പുഷ്പങ്ങളും ഹൃദയാകൃതിയിലുള്ള ബലൂണുകളും സമർപ്പിച്ചാണ് ജനങ്ങൾ ആദരവ് പ്രകടിപ്പിച്ചത്.