ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : വെല്ലുവിളികളെ മറികടന്ന് മുന്നേറി, യുകെ മലയാളികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ലീഡ്‌സ് സ്വദേശി ജൂലി ഉമ്മൻ. യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നുവന്ന് വിജയിച്ചവരുടെ കൂട്ടത്തിലാണ് ഇന്ന് ജൂലിയുടെ സ്ഥാനം. യുകെയിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകൾക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംഘടനയാണ് EWIF (Encouraging Women into Franchising). എല്ലാ വര്‍ഷവും ഈ സംഘടന യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളില്‍ വിജയം കൈവരിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തവണത്തെ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലി ഉമ്മനും ഉണ്ടെന്നത് ഓരോ യുകെ മലയാളിക്കും ഏറെ സന്തോഷമേകുന്നു.

എൻഎച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ച ജൂലി, യുകെയിലെ പ്രശസ്തമായ ഹോം കെയർ ബിസിനസ് ഗ്രൂപ്പായ കെയർമാർക്കിന്റെ വേക്ക്ഫീല്‍ഡ് ടൗണിലെ ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് ബിസിനസ്സിലേക്ക് ചുവടുവച്ചത്. 2004 ജനുവരിയിലാണ് ജൂലി യുകെയിലെത്തിയത്. വെസ്റ്റ് യോർക്ക്ഷെയറിലുള്ള ലീഡ്‌സിലെ ഒരു നേഴ്സിംഗ് ഹോമിൽ ജോലിയാരംഭിച്ചു. തുടർന്ന് എൻഎച്ച്എസിലേക്ക് എത്തി. ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റിൽ നേഴ്സായി. ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണ് ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നത്. ബിസിനസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ, 2021-ൽ ‘കെയർമാർക്ക് യുകെ’യുടെ നോർത്ത് റീജിയണിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാർഡ് (Fastest Growing Franchise) വേക്ക്ഫീൽഡിലെ ജൂലിയുടെ കെയർമാർക്ക് ഫ്രാഞ്ചൈസി നേടി.

2020 ഒക്‌ടോബർ മാസത്തിൽ യുകെയിൽ കോവിഡ് പടർന്നു പിടിച്ച സമയത്താണ് ജൂലി തന്റെ ഹോം കെയർ ബിസിനസ്സ് ആരംഭിച്ചത്. എന്നാൽ, നിശ്ചയദാർഢ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമുള്ള ജൂലി വെല്ലുവിളികളെ സധൈര്യം മറികടന്നു. ജൂലിയുടെ അഭിപ്രായത്തിൽ, “സംരംഭകത്വം ഒരു സാഹസികതയാണ്. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും മറികടന്ന് ഒരു കപ്പൽ തീരത്ത് അടുപ്പിക്കുന്നതുപോലെ ശ്രമകരമായത്.” ഒരു ബിസിനസ്സ് വിജയിക്കണമെങ്കിൽ സമയം, മൂലധനം, മികച്ച ജീവനക്കാർ തുടങ്ങിയ നിരവധി ഘടകങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്ന് ജൂലി പറയുന്നു.

വേക്ക്ഫീൽഡിലെ സമൂഹത്തിനായി നന്മ ചെയ്യാനുള്ള ആഗ്രഹവും പരിചരണ മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ജൂലി കൂട്ടിച്ചേർത്തു. സംരംഭക യാത്രയിലുടനീളം കുടുംബവും സുഹൃത്തുക്കളും ബിസിനസിലെ ജീവനക്കാരും നൽകിയ പിന്തുണ ജൂലി എടുത്തുപറഞ്ഞു. ഭർത്താവായ ഡോ. നന്ദകിഷോർ നേമന എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ആദർശ് ജർമ്മനിയിൽ പഠിക്കുന്നു. മകൾ ശ്രേയ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിൽ സ്ഥിരതാമസം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ് ജൂലി. പിതാവ് – ഉമ്മൻ മാത്യു. മാതാവ് – ലീലാമ്മ ഉമ്മൻ. സഹോദരൻ – ജോർജ് ഉമ്മൻ.

യുകെയിൽ വളർന്നുവരുന്ന മലയാളി സംരംഭകരോട് ജൂലിക്ക് പറയാനുള്ളത് ഇത്രമാത്രം;
“വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആർജവമാണ് വിജയത്തിലേക്കുള്ള വഴി.”