സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ക്യാന്‍സര്‍ വാര്‍ഡുകള്‍, എ&ഇ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവയിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്സുമാര്‍ അടുത്ത മാസം നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങും. ആദ്യമായാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെയും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്യാന്‍സര്‍ കെയര്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഈ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.
എന്നാല്‍ നഴ്സുമാര്‍ ഈ വിധം സമരം ശക്തമാക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ നേതാക്കള്‍ വ്യക്തമാക്കി. ഇത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും പ്രതികരിച്ചു.
രാജ്യത്തെ 120 എന്‍എച്ച്എസ് ട്രസ്റ്റുകളെ പണിമുടക്ക് ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. മുന്‍ സമരങ്ങളേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇതോടെ പണിമുടക്കിനിറങ്ങും. ശമ്പളത്തിന്റെയും, ജീവനക്കാരുടെ എണ്ണത്തിന്റെയും പേരില്‍ സര്‍ക്കാരുമായി പോര്‍മുഖത്താണ് നഴ്സുമാര്‍. സമരങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ഭയാനകമാണെന്നും, രോഗികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്നും എന്‍എച്ച്എസ് ശ്രോതസ്സുകള്‍ സമ്മതിക്കുന്നു. അടുത്ത മാസം സമരത്തിന് അനുകൂലമായി ജൂനിയര്‍ ഡോക്ടര്‍മാരും വോട്ട് ചെയ്താല്‍ സ്ഥിതി വഷളാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
19.7 ശതമാനം ശമ്പളവര്‍ദ്ധന തേടി സമരം ആരംഭിച്ച യൂണിയന്‍ ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാലും ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് സൂചിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാര്‍ച്ച് 1-ന് രാവിലെ 6 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് അടുത്ത പണിമുടക്ക്. മുന്‍ സമരങ്ങളെല്ലാം ഡേ ഷിഫ്റ്റ് സമയങ്ങളില്‍, 12 മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്.
Leave a Reply