ലണ്ടന്‍: ബ്രെക്‌സിറ്റ് നീക്കങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടനിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക തുടക്കമായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ബ്രെക്‌സിറ്റ് വിരുദ്ധ പ്രകടനം നടന്നത്. യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ തുടക്കമായ റോം ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തിലായിരുന്നു യൂറോപ്പ് അനുകൂല പ്രകടനം ലണ്ടനില്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
പാര്‍ക്ക് ലെയിനില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മാര്‍ച്ച് പോലീസ് വേണ്ടത്ര തയ്യാറെടുപ്പ് നടത്താതിരുന്നതിനാല്‍ ഒരു മണിക്കൂറോളം താമസിച്ചു. യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ വഹിച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് സ്‌ക്വയറില്‍ എത്തുന്നതിനു മുമ്പ് പിക്കാഡിലി, പോള്‍ മാള്‍, വൈറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ കൂടി പ്രകടനം കടന്നുപോയി. പാര്‍ലമെന്റ് സ്‌ക്വയറില്‍ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ബഹുമാനമര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് പ്രകടനം പുനരാരംഭിച്ചത്.
ബ്രിട്ടനില്‍ താമസിക്കുന്ന ഒട്ടേറെ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ദി ത്രീ മില്യന്‍ എന്ന സംഘടനയാണ് ഇവരെ പ്രതിനിധീകരിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്‍മാരും പ്രകടനത്തില്‍ അണിചേര്‍ന്നു. അലിസ്റ്റര്‍ ക്യാംപ്‌ബെല്ലിനെപ്പോലെയുള്ള പ്രമുഖരും പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തി.