ലണ്ടന്‍: ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന ഒരു മില്യണിലധികം പേര്‍ അണിനരന്ന പടുകൂറ്റന്‍ റാലിക്ക് സാക്ഷിയായി ലണ്ടന്‍ നഗരം. വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തിയതോടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നില പരുങ്ങലിലായിരിക്കുകയാണ്. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. മേയ് സര്‍ക്കാര്‍ ബ്രെക്‌സിറ്റ് കരാറിന് അനുമതി തേടി എം.പിമാരെ സമീപിക്കാനൊരുങ്ങുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ രണ്ട് തവണയും ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു പ്രധാനമന്ത്രി ഏറ്റുവാങ്ങിയ വലിയ പരാജയങ്ങളായി വോട്ടെടുപ്പ് മാറിയിരുന്നു. പുതിയ റാലി പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ ഡീല്‍ ബ്രെക്‌സിറ്റിന് ഏപ്രില്‍ 12 വരെയും കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മേയ് 22 വരെയുമാണ് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. ഈ ആര്‍ട്ടിക്കിള്‍ 50 പ്രകാരം ഡിലേ ബ്രെക്‌സിറ്റിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതിന് ശേഷം ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് നടപടിയെ തുടര്‍ന്ന് നനഞ്ഞ പടക്കമായി ഈ സമരം മാറിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രെക്‌സിറ്റ് അനുകൂലിക്കുന്നവരുടെ സമരം പരാജയപ്പെടുകയും വീണ്ടും ഹിത പരിശോധന ആവശ്യപ്പെട്ട് ജനലക്ഷങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്ത സ്ഥിതിക്ക് മേയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. രണ്ടാം ലോക യുദ്ധത്തിനുശേഷം ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈഡ് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിനിസ്റ്റര്‍ വരെ റാലി നടത്തി. അവിടെ സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കൊള സ്റ്റേര്‍ജിയന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ഉപനേതാവ് ടോം വാട്‌സന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. 2016 ജൂണ്‍ 23ന് നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 1.74 കോടി (52%) അനുകൂലമായും 1.61 കോടി (48%) എതിര്‍ത്തും വോട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന് അനുകൂല നിലപാടുള്ളവര്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ റാലിയില്‍ 7 ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, രണ്ടാമതൊരു ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചിരുന്നു. ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. ഹിതപരിശോധനയില്‍ അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുകയാണ്.