സ്വന്തം ലേഖകൻ

കെൻറ്റ് :  യുക്മയിൽ നിന്ന് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻ‌വലിക്കുന്നു . യുക്മ എന്ന പ്രസ്ഥാനം ജനാധിപത്യ മര്യാദകളെ മാനിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ്‌ അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിച്ചിരിക്കുന്നത് . ഇന്ന് യുകെയിലെ പല മലയാളി അസ്സോസ്സിയേഷനുകളും ചിന്തിക്കുന്ന രീതിയിൽ യുക്മയിൽ നിന്ന് അംഗത്വം പിൻവലിച്ചത് സൗത്ത് ഈസ്റ്റ് റീജിയനിലുള്ള സഹൃദയ മലയാളി അസ്സോസിയേഷനാണ് . കഴിഞ്ഞ റീജിയണൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുക്മയുടെ നാഷണൽ കമ്മിറ്റിയിൽ നിന്ന് നേരിട്ട തീർത്തും ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സഹൃദയ മലയാളി അസ്സോസിയേഷനെ യുക്മയിൽ നിന്ന് അവരുടെ അംഗത്വം പിൻവലിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത് .

2019 ൽ സൗത്ത് ഈസ്റ്റ് റീജിയണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരാളെ വീണ്ടും പ്രസിഡന്റാക്കണമെന്നും , അംഗ അസ്സോസ്സിയേഷനുകൾ വോട്ട് ചെയ്ത് ജയിപ്പിച്ച വ്യക്തിയെ പ്രസിഡന്റാക്കാൻ തോറ്റ സ്ഥാനാർത്ഥിയും നാഷണൽ കമ്മിറ്റിയും തയ്യറാകാത്ത ഒരു സാഹചര്യം ഉടലെടുത്തിരുന്നു. തുടർന്ന് തോറ്റ വിഭാഗവും ജയിച്ച വിഭാഗവും യുക്മയുടെ കഴിഞ്ഞ വർഷത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്തുകയും , അതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലുകൾ രണ്ട് വിഭാഗങ്ങളിൽ നിന്നും സഹൃദയ മലയാളി അസോസിയേഷന് ലഭിച്ചുകൊണ്ടിരുന്നു . ഇങ്ങനെ വന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹൃദയ മലയാളി അസോസിയേഷൻ യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു .

2019 ഒക്ടോബർ 11 ന് അറുപത് ദിവസത്തിനുള്ളിൽ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ് യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഇമെയിൽ അയച്ചിരുന്നത്. അറുപത് ദിവസത്തിന് ശേഷവും സഹൃദയ മലയാളി അസോസിയേഷൻ ഉയർത്തി കാട്ടിയ പ്രശ്നങ്ങൾക്കോ , ചോദിച്ച ചോദ്യങ്ങൾക്കോ ഒരു മറുപടി പോലും യുക്മയുടെ നാഷണൽ ഭാരവാഹികൾ നൽകിയില്ല. ഒരു അംഗ അസ്സോസിയേഷൻ ഔദ്യോഗികമായി അയച്ച  ഈമെയിലിന് മറുപടി കൊടുക്കുവാനുള്ള   സംഘടനാ മര്യാദ പോലും യുക്മയുടെ നാഷണൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് നാളിന്നുവരെ  ഉണ്ടായില്ല .

2019 ഒക്ടോബർ 11ന് രാത്രി 8. 19ന് അയച്ച മെയിലിലെ ഉള്ളടക്കം ഇങ്ങനെയാണ്

പ്രിയപ്പെട്ട യുക്മയുടെ ഓഫീസ് ഭാരവാഹികളെ …  സൗത്ത് ഈസ്റ്റ് റീജിയണൽ ഇലക്ഷനിൽ നടന്ന തർക്കത്തെ കുറിച്ച് സഹൃദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൃത്യമായ ചർച്ച നടത്തിയിരുന്നു. യുക്മയുടെ ഇത്തവണത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്താൻ തീരുമാനിച്ചതിനാൽ യുക്മയ്ക്കുള്ളിലെ രാഷ്രീയത്തിൽ  നിന്ന് വിട്ടുനിൽക്കാൻ സഹൃദയ തീരുമാനിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനാൽ സഹൃദയ അംഗങ്ങളോ അതിന്റെ യുക്മ പ്രതിനിധികളോ ഈ വർഷത്തെ റീജണൽ , നാഷണൽ കലാമേളകളിൽ നിന്നും വിട്ടു നിൽക്കുന്നതായിരിക്കും . മാത്രമല്ല യു ഗ്രാൻഡ് ടിക്കറ്റ് സെയിലും നിർത്തിവെക്കുന്നതായിരിക്കും .

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ  വരുന്ന 60 ദിവസങ്ങൾക്കുള്ളിൽ മാന്യമായി ചർച്ച ചെയ്ത് പരിഹരിക്കാത്ത പക്ഷം യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കുന്ന  നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു .

 

എന്നാൽ ഈ തർക്കത്തെ സംബന്ധിച്ച് യുക്മയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല , സഹൃദയയുടെ ഭാരവാഹികൾ അയച്ച ഇ-മെയിലിനെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തിരുന്നു . തുടർന്ന് ഈ ഫെബ്രുവരി 8 ന് സഹൃദയ മലയാളി അസ്സോസിയേഷൻ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡിയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും , സഹൃദയയിലെ അംഗങ്ങളുടെ അഭിപ്രായം അറിയിക്കുവാനും  ആവശ്യപ്പെട്ടിരുന്നു . ഈ ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാനപ്രകാരമാണ് യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കാൻ സഹൃദയ മലയാളി അസ്സോസിയേഷൻ തീരുമാനമെടുത്തത്.

ജനാധിപത്യ മൂല്ല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പ്രാഞ്ചിയേട്ടന്മാരുടെയും , ജാതി – മത – രാഷ്ട്രീയ – കൂട്ടായ്മക്കാരുടെയും , സ്ഥാന മോഹികളുടെയും താവളമായി യുക്മ എന്ന സംഘടന മാറിയെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുക്മ നടത്തുന്ന എല്ലാ പരിപാടികളിലും ജനപ്രാതിനിധ്യം കുറഞ്ഞതും , യുകെയിലെ മഹാഭൂരിപക്ഷം അംഗ അസോസിയേഷനുകളും യുക്മയിൽ നിന്ന് വിട്ട് പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നതും .