സ്വന്തം ലേഖകന്‍
ഓണ്‍ലൈന്‍ ക്യാഷ്ബാക്ക് രംഗത്ത് യുകെയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ബീ വണ്‍ കമ്പനിയ്ക്കും ഉടമ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെയിലെ നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഷാജന്‍ സ്കറിയ കുറ്റക്കാരന്‍ ആണെന്നും പിഴയടയ്ക്കണമെന്നും ഷ്രൂസ്ബറി കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ താന്‍ കേരളത്തില്‍ താമസിക്കുന്നയാള്‍ ആയതിനാല്‍ കോടതി വിധി ലംഘിച്ചാലും കുഴപ്പമുണ്ടാവില്ല എന്ന ധാരണയില്‍ കോടതി വിധിക്ക് ശേഷവും ഷാജന്‍ സ്കറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസില്‍ ആണ് ഷാജന്‍ സ്കറിയയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിലൂടെ ബീ വണ്‍ കമ്പനിയ്ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബീ വണ്‍ കമ്പനിയ്ക്കോ സ്ഥാപന ഉടമയ്ക്കോ എതിരെ മേലില്‍ യാതൊരു വിധ വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് ശേഷവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോടതി നടപടികളെ കുറിച്ചും കോടതി ഉത്തരവിനെ കുറിച്ചും തെറ്റായ വാര്‍ത്ത ഷാജന്‍ സ്കറിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസിലാണ് പോലീസ് ഇപ്പോള്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

ഷാജന്‍ ഇന്ത്യയില്‍ നിന്ന്‍ യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന്‍ മനസ്സിലാക്കിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുകയും യുകെയിലെത്തിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‍ ഷാജനെ താല്‍ക്കാലിക ജാമ്യത്തില്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് തുടര്‍ നടപടികള്‍ക്കായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതിനാല്‍ ഗൗരവതരമായി തന്നെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്‍പും വ്യക്തിഹത്യകള്‍ നടത്തുകയും നിയമപരമായി നടക്കുന്ന പല സ്ഥാപനങ്ങള്‍ക്കുമെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഷാജന്‍ സ്കറിയയ്ക്കെതിരെ ഉണ്ടായ ഈ നടപടി വളരെ ആശ്വാസകരമാണെന്നാണ് യുകെ മലയാളികളുടെ അഭിപ്രായം.

Also read..ഒരു വഴിയേ ഞാന്‍ കണ്ടുള്ളൂ; മരിക്കുക!  ”എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തേക്ക് അടുപ്പിക്കേണമേ…” എന്ന സ്ഫടികം ജോർജിന്റെ പ്രാർത്ഥന ദൈവം കേൾക്കാത്തതെന്തുകൊണ്ട് ..