ന്യൂസ് ഡെസ്ക് മലയാളം യുകെ

ടെൽഫോഡ്: മിഡ്‌ലാൻഡ് ഗ്രാമത്തിലെ നിവാസികൾ ഇഴജന്തുക്കളെ ഭയന്നാണ് ജീവിക്കുന്നത്. ആറടി നീളമുള്ള പെരുമ്പാമ്പിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജാഗരൂകരായിരിക്കാൻ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ടെൽഫോഡ്, റോഡിന് സമീപമാണ് പാമ്പിനെ കണ്ടെത്തിയത്. അനാവശ്യമായ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ ഈ പ്രദേശം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് മൃഗസംരക്ഷണ സംഘടനയിൽ നിന്നുള്ള മുന്നറിയിപ്പ് എത്തുന്നത്. കാറിടിച്ചാണ് പാമ്പിന് മുറിവേറ്റതെന്ന് കരുതപ്പെടുന്നു. വഴിയാത്രക്കാരാണ് ആറടി നീളമുള്ള ഭീമൻ പാമ്പ് റോഡിൽ കിടക്കുന്നതായി കണ്ടത്. ആർഎസ് പിസിഎ ഇൻസ്പെക്ടർ ക്ലെയർ ഡേവി, മൃഗസംരക്ഷണ ഓഫീസർ റേച്ചൽ വാർഡ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തെങ്കിലും രാത്രി തന്നെ പാമ്പ് ചത്തു.

ചെറിയ നാടൻ ഇനമാണെന്ന് കരുതിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും പെരുമ്പാമ്പിനെ കണ്ടപ്പോൾ അതിശയിച്ചുപോയെന്നും ക്ലെയർ പറഞ്ഞു. പെരുമ്പാമ്പിനെ കണ്ടെത്തിയതോടെ ഗ്രാമവാസികൾ തങ്ങളുടെ ഭീതി പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എത്തുകയുണ്ടായി. ഇത്തരം വലിയ ഇഴജന്തുക്കൾ പ്രദേശത്ത് നിറയുന്നതിനാൽ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പലരും ആശങ്കപ്പെട്ടു. വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവ മുട്ടയിട്ടാണ് പ്രജനനം നടത്തുന്നത്.

ശരാശരി 6 മീറ്റർ നീളവും 90 മുതൽ 100 കിലോഗ്രാം ഭാരവും ഇവയ്ക്ക് ഉണ്ടാകും. മരം കയറാനും വെള്ളത്തിൽ നീന്താനും കഴിയുന്ന പാമ്പ് ആണിത്. പക്ഷികളും ചെറു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളെയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിക്കും. കൂടുതലായും രാത്രിയിൽ ഇരതേടുന്ന ഇവ വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാമ്പ് വർഗം കൂടിയാണ് ഇത്.